KeralaNews

നഷ്ടപ്പെട്ട ഫോൺ കണ്ടെത്തി കോട്ടയം റെയിൽവേ പോലീസ്, ബിസ്മിയ്‌ക്ക് തിരികെ ലഭിച്ചത് ജീവിതം

കൊച്ചി: ചൊവ്വാഴ്ച ഉച്ചയ്ക്ക് എറണാകുളം ടൗണിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് ശബരി എക്സ്പ്രസ്സിൽ യാത്ര ചെയ്യുകയായിരുന്ന പൂന്തുറ സ്വദേശിനിയായ ബിസ്മിയുടെ മൊബൈൽ ഫോൺ ബാഗിൽ നിന്ന് തെറിച്ച് എറണാകുളം ടൗണിനും തൃപ്പൂണിത്തുറയ്ക്കും ഇടയിൽ ട്രാക്കിലേയ്ക്ക് വീഴുകയായിരുന്നു. മൊബൈൽ ബാഗിൽ നിന്ന് തെന്നി വീഴുന്നത് കണ്ട യാത്രക്കാരിലൂടെയാണ് ബിസ്മി വിവരം അറിയുന്നത്.

ജോലി സംബന്ധമായി വിദേശത്തേയ്‌ക്ക് പോകാൻ പേപ്പർ ജോലികൾ പൂർത്തീകരിക്കുന്നതിന് എറണാകുളത്തെ എത്തിയതായിരുന്നു ബിസ്മിയും കുടുംബവും. യാത്രയുമായി ബന്ധപ്പെട്ട പല രേഖകളും ഫോണിലാണ് സൂക്ഷിച്ചിരുന്നത്. അടുത്തയാഴ്ച വിദേശത്തേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പുകളെല്ലാം പൂർത്തിയായപ്പോളാണ് ഫോൺ നഷ്ടപ്പെടുന്നത്. ഇതുവരെയുള്ള എല്ലാ സാമ്പാദ്യവും സ്വരൂപിച്ച് കൂട്ടി ലോണുമെടുത്ത് യാത്രയ്ക്ക് തയ്യാറെടുത്ത ബിസ്മിയുടെ ജീവിതം കൈവിട്ട അവസ്ഥയിലാണ് കോട്ടയം റെയിൽവേ പോലീസ് സ്റ്റേഷനെ സമീപിക്കുന്നത്.

സ്റ്റേഷൻ ഹൗസ് ഓഫീസർ റെജി പി ജോസഫ് പരാതികേട്ട ഉടനെ കോട്ടയം റെയിൽവേ സ്റ്റേഷൻ മാനേജരെ അറിയിക്കുകയും എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ വിവരം നൽകുകയും ചെയ്തു. റെയിൽവേയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കാതെ വന്നപ്പോൾ റെജി പി ജോസഫ് സൈബർ സെല്ലുമായി നേരിട്ട് ബന്ധപ്പെട്ട് ഫോണിന്റെ യഥാർത്ഥ ലൊക്കേഷൻ കണ്ടെത്തി. എറണാകുളം RPF ASI ശ്രീ. സുരേഷ് പി എബ്രഹാമിനെ ബന്ധപ്പെട്ട് ഫോണിന്റെ നിലവിലെ ലൊക്കേഷനിൽ അന്വേഷണം നടത്താൻ ആവശ്യപ്പെടുകയായിരുന്നു.

കാലാവസ്ഥ പ്രതികൂലമായിക്കൊണ്ടിരിതിനാൽ അതിവേഗം പ്രവർത്തിക്കേണ്ട സാഹചര്യമായിരുന്നു. ഒടുവിൽ ടൗൺ സ്റ്റേഷനിലെ ആർ പി എഫ് ഉദ്യോഗസ്ഥനായ ASI ശ്രീ. സുരേഷ് പി അബ്രഹാം, ഹെഡ് കോൺസ്റ്റബിൾ എസ്. എസ്. ശരത് എന്നിവർക്ക് കോട്ടയം സ്റ്റേഷനിൽ നിന്ന് നൽകിയ കൃത്യമായ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ റോഡ് മാർഗ്ഗം ട്രാക്കിലെത്തി ഫോൺ കണ്ടെത്തുകയായിരുന്നു.

എറണാകുളം ടൗണിൽ നിന്ന് ഫോൺ കോട്ടയം സ്റ്റേഷനിൽ എത്തിച്ച് പരാതിക്കാരിയ്ക്ക് റെയിൽവേ പോലീസ് സ്റ്റേഷൻ റൈറ്റർ ശ്രീ. ഡോമനിക് ഡാനിയേൽ മടക്കി നൽകി. നഷ്ടപ്പെട്ടുപോയ ജീവിതം തിരികെ നൽകിയ സ്റ്റേഷൻ അധികൃതർക്ക് വികാര നിർഭരമായ നന്ദി പറഞ്ഞാണ് ബിസ്മിയും കുടുംബവും മടങ്ങിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button