KeralaNews

കൊച്ചിയിൽ കോവിഡ് പരിശോധനയ്ക്ക് പത്ത് മൊബൈൽ ടീമുകൾ

എറണാകുളം:ജില്ലയിൽ കോവിഡ് പരിശോധനയ്ക്കായി പത്ത് മൊബൈൽ ടീമുകളെ വിന്യസിക്കാൻ തീരുമാനം. ജില്ലാ കളക്ടർ എസ്. സുഹാസിൻ്റെ അധ്യക്ഷതയിൽ ചേർന്ന ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. സെൻറിനൽ ടെസ്റ്റിംഗും ടാർജറ്റഡ് ടെസ്റ്റിംഗും കൂടുതലായി നടപ്പാക്കുന്നതിനാണിത്.

സ്റ്റാഫ് നഴ്സും ലാബ് ടെക്നീഷ്യനും വൊളൻ്റിയറുമടങ്ങുന്ന മൂന്നംഗ സംഘമാണ് ടീമിലുണ്ടാകുക. സ്വകാര്യ ലാബുകളിലെ ജീവനക്കാരെ കൂടി ഉൾപ്പെടുത്തിയാകും മൊബൈൽ ടീമുകൾ സജ്ജമാക്കുക. സ്വകാര്യ ലാബുകളിലെ ടെക്നീഷ്യന്മാരെ എം പാനൽ ചെയ്ത് ഇവരുടെ സേവനം വിനിയോഗിക്കും. ഇ എസ് ഐ ജീവനക്കാരെയും ആയുഷ്, ഹോമിയോ വിഭാഗങ്ങളിലെ ജീവനക്കാരെയും സേവനം ഉപയോഗപ്പെടുത്തും.

ജില്ലയിലെ കനത്ത മഴയെ തുടർന്നുള്ള സാഹചര്യങ്ങളും യോഗം വിലയിരുത്തി.
മെയ് 16-ാം തീയതി വൈകിട്ട് വരെ കടൽക്ഷോഭം രൂക്ഷമായിരിക്കും. ചെല്ലാനത്ത് നാളെയും വെള്ളപ്പൊക്ക ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ പ്രദേശത്ത് ഭക്ഷ്യ കിറ്റ് വിതരണം ഉറപ്പാക്കും. രണ്ട് ആംബുലൻസുകൾ ചെല്ലാനം മേഖലയിൽ സജ്ജമാക്കും. കോവിഡ് പോസിറ്റീവാകുന്നവരെ എഫ് എൽടിസിയിലേക്ക് മാറ്റും.

ഞായറാഴ്ച ഡ്രൈഡേ ആചരിക്കാൻ നിർദേശം നൽകി. വീടിൻ്റെ പരിസരത്ത് കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിക്കളയണം. വെള്ളം കെട്ടി നിന്നാൽ കൊതുക് വളരാനും ഡെങ്കിപ്പനി പോലുള്ള പകർച്ചവ്യാധിക്കും സാധ്യതയുണ്ട്. ഇതിനെതിരേ ജാഗ്രത പുലർത്തണം.

സർക്കാർ ജീവനക്കാരെയും അധ്യാപകരെയും വാർഡ്തല ദ്രുത കർമ്മ സേനയുടെ പ്രവർത്തനത്തിനായി വിനിയോഗിക്കും. ഇവർ താമസിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ റിപ്പോർട്ട് ചെയ്യണം. തദ്ദേശ സ്ഥാപനങ്ങൾ ഇവിടെ വിവരശേഖരണം നടത്തി ലിസ്റ്റ് തയാറാക്കും. അതാത് തദ്ദേശ സ്ഥാപനങ്ങളുടെ ആവശ്യാനുസരണം ഡ്യൂട്ടി നിശ്ചയിച്ച് വിവരമറിയിക്കും. ക്വാറൻ്റെൻ പരിശോധന, മരുന്ന് വീടുകളിലെത്തിച്ച് നൽകൽ തുടങ്ങിയ ഡ്യൂട്ടിക്കാണ് ഇവരെ നിയോഗിക്കുക. ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും.

തിങ്കളാഴ്ച മുതൽ ജില്ലയിൽ ട്രിപ്പിൾ ലോക് സൗൺ നടപ്പാക്കുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. കൊച്ചി കോർപ്പറേഷനിലെ ജീവനക്കാർക്കായി കെ എസ് ആർ ടി സി സർവീസ് ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കും.

കണ്ടെയ്ൻമെൻ്റ് സോണുകൾ നിശ്ചയിക്കുന്ന കൂടുതൽ മാനദണ്ഡങ്ങൾ ഏർപ്പെടുത്തും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിനു പുറമേ രോഗികളുടെ എണ്ണം, അപകട ഭീഷണിയുള്ളവരുടെ എണ്ണം, രോഗവ്യാപന പ്രവണത തുടങ്ങിയവയും കണക്കിലെടുക്കും. സ്വകാര്യ ആശുപത്രികളിൽ നിന്ന് കൂടുതൽ മൊബൈൽ ഫ്രീസറുകൾ ഏറ്റെടുക്കാനും തീരുമാനിച്ചു.

30 നും 40നും ഇടയിൽ പ്രായമുള്ള ചിലർ കോവിഡ് പ്രതിരോധത്തിന് വേണ്ടത്ര ഗൗരവം നൽകാതിരിക്കുന്ന പ്രവണത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് യോഗം വിലയിരുത്തി. സമൂഹത്തിൽ സജീവമായി ഇടപെടുന്ന വിഭാഗത്തിലുള്ളവരാണിവർ. പ്രാദേശികമായുള്ള സമ്പർക്കത്തിലൂടെ രോഗവ്യാപനം വർധിക്കുന്നത് ഇക്കാരണത്താലാണെന്നും യോഗം വിലയിരുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker