കാണാതായ ഓട്ടോറിക്ഷ ഡ്രൈവര്‍ ആളൊഴിഞ്ഞ റബ്ബര്‍തോട്ടത്തില്‍ തൂങ്ങിയ നിലയില്‍; ശരീരത്തില്‍ മുറിവുകള്‍, വസ്ത്രത്തില്‍ രക്തക്കറ

കൊല്ലം: ചടയമംഗലത്ത് നിന്ന് ഒരാഴ്ച്ച മുമ്പ് കാണാതായ ഓട്ടോറിക്ഷ ഡ്രൈവര്‍ ആത്മഹത്യ ചെയ്ത നിലയില്‍. ആളൊഴിഞ്ഞ റബര്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് ഷിബുവിനെ കണ്ടെത്തിയത്. മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

സവാരിക്ക് പോകുന്നുവെന്ന് പറഞ്ഞ് ഇക്കഴിഞ്ഞ ആറാം തീയതി വൈകിട്ട് വീട്ടില്‍ നിന്നു ഇറങ്ങിയതാണ് ഷിബു. പിന്നീട് ഒരു വിവരവും ഇല്ലായിരുന്നു. ചടയമംഗലത്ത് കല്ലടയാറിന്റെ തീരത്ത് നിന്നു കഴിഞ്ഞ ദിവസം ഷിബുവിന്റെ ഓട്ടോറിക്ഷ പോലീസ് കണ്ടെത്തി. വാഹനത്തിന്റെ ടയറുകളുടെ കാറ്റ് അഴിച്ചു വിട്ട നിലയിലായിരുന്നു.

പോലീസിന്റെ തിരച്ചിലില്‍ സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നു ഷിബുവിന്റെ ഒരു ചെരുപ്പും ഓട്ടോറിക്ഷയുടെ താക്കോലും കണ്ടെത്തി. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ആറ്റില്‍ നടത്തിയ പരിശോധനയില്‍ ഷര്‍ട്ട് ലഭിച്ചു.

ഷര്‍ട്ടിന്റെ ബട്ടണ്‍സുകള്‍ എല്ലാം പൊട്ടിയിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ആളൊഴിഞ്ഞ റബര്‍ തോട്ടത്തില്‍ ഷിബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. വസ്ത്രത്തില്‍ രക്ത കറയുണ്ട്. ശരീരത്തില്‍ മുറിവുകളും. അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News