മിന്നൽ മുരളിയായി മാറിയ തയ്യൽക്കാരൻ, മിന്നലേറ്റപ്പോൾ സൂപ്പർ ഹീറോ ആയി മാറിയ ടൊവിനോ,സസ്പെൻസ് അവസാനിയ്ക്കുന്നു

കൊച്ചി:മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ് ടൊവീനോ തോമസ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മിന്നല്‍ മുരളി’. കൊവിഡ് രണ്ടാം തരംഗം നീളുന്ന സാഹചര്യത്തില്‍ ഡയറക്റ്റ് ഒടിടി റിലീസ് എന്ന തീരുമാനം കൈക്കൊണ്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ളിക്സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. പോസ്റ്ററുകള്‍ അല്ലാതെ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളൊന്നും അണിയറക്കാരില്‍ നിന്നും പ്രേക്ഷകര്‍ക്ക് ലഭിച്ചിട്ടില്ല. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിന്‍റെ ഏതാനും കൗതുകകരമായ വിവരങ്ങള്‍ നെറ്റ്ഫ്ളിക്സ് തന്നെ പുറത്തുവിട്ടിരിക്കുകയാണ്.

സ്ട്രീമിംഗ് ആരംഭിച്ചിട്ടില്ലെങ്കിലും നെറ്റ്ഫ്ളിക്സിലെ സെര്‍ച്ചിംഗില്‍ ചിത്രത്തിന്‍റെ ചില വിവരങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. കഥാതന്തുവാണ് അതില്‍ പ്രധാനം. കേരളത്തിലെ ഒരു ചെറുപട്ടണത്തിലെ മുരളി എന്ന തയ്യല്‍ക്കാരനാണ് ടൊവീനോയുടെ കഥാപാത്രം. ഒരിക്കല്‍ ഇടിമിന്നലേശുന്ന മുരളിക്ക് ചില പ്രത്യേക കഴിവുകള്‍ ലഭിക്കുന്നു. പിന്നീടുള്ള സംഭവബഹുലമായ അയാളുടെ ജീവിതമാണ് സിനിമയുടെ പ്രമേയം. രണ്ട് മണിക്കൂര്‍ 38 മിനിറ്റാണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യമെന്നും നെറ്റ്ഫ്ളിക്സ് അറിയിക്കുന്നുണ്ട്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ ചിത്രം കാണാനാവും. സമീപകാലത്ത് നെറ്റ്ഫ്ളിക്സ് ഏറ്റവും പ്രതീക്ഷ പുലര്‍ത്തുന്ന ഇന്ത്യന്‍ റിലീസുകളില്‍ ഒന്നാണ് മിന്നല്‍ മുരളി. റിലീസ് തീയതി സംബന്ധിച്ച് വൈകാതെ പ്രഖ്യാപനം ഉണ്ടാവുമെന്ന് അറിയുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ പ്രിവ്യൂ മുംബൈയില്‍ നടന്നിരുന്നു.

മിന്നല്‍ മുരളിക്കൊപ്പം മൂന്ന് വര്‍ഷത്തോളം നീണ്ട യാത്ര തന്നെ സംബന്ധിച്ച് എത്രത്തോളം വൈകാരികമായ ഒന്നാണെന്ന് പ്രിവ്യൂവിനു ശേഷം സംവിധായകന്‍ ബേസില്‍ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു. “അവസാനം ചിത്രം നെറ്റ്ഫ്ളിക്സിന് കൈമാറിയിരിക്കുകയാണ്. ഞങ്ങള്‍ക്ക് ഇത് കേവലം ഒരു സിനിമയല്ല, മറിച്ച് ഞങ്ങളുടെ ജീവിതത്തിന്‍റെ ഒഴിച്ചുകൂടാനാവാത്ത ഒരു ഭാഗമാണ്. സംഭവബഹുലവും അതേസമയം സംഘര്‍ഷഭരിതവുമായിരുന്നു ഈ ചിത്രവുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളും. കൊവിഡ് പശ്ചാത്തലം സൃഷ്‍ടിച്ച അനിശ്ചിതാവസ്ഥ കാര്യങ്ങളെ കൂടുതല്‍ കഠിനമാക്കി. പക്ഷേ അതിനൊക്കം ഇടയിലും ഒരു മികച്ച സിനിമ സൃഷ്‍ടിക്കുന്നതിനായി മുഴുവന്‍ അണിയറക്കാരും ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു”, അഭിനേതാക്കളെയും നിര്‍മ്മാതാവിനെയും മറ്റ് അണിയറപ്രവര്‍ത്തകരെയും പേരെടുത്ത് നന്ദി അറിയിച്ചുകൊണ്ടുള്ള പോസ്റ്റില്‍ ബേസില്‍ കുറിച്ചു.

സൂപ്പര്‍ഹിറ്റ് ചിത്രം ‘ഗോദ’യ്ക്കു ശേഷം ടൊവീനോ തോമസും ബേസിൽ ജോസഫും ഒരുമിക്കുന്ന ചിത്രമാണിത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറിൽ സോഫിയ പോൾ ആണ് നിര്‍മ്മാണം. ജിഗർത്തണ്ട, ജോക്കർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

ടൊവീനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രം കൂടിയാണിത്. സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്മാന്‍. ചിത്രത്തിലെ രണ്ട് വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്യുന്നത് ബാറ്റ്മാൻ, ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ളാഡ് റിംബർഗാണ്. വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ വി എഫ് എക്‌സ് സൂപ്പർവൈസര്‍ ആൻഡ്രൂ ഡിക്രൂസ് ആണ്. ഓണം തിയട്രിക്കല്‍ റിലീസ് ആയാണ് മിന്നല്‍ മുരളി പ്ലാന്‍ ചെയ്‍തിരുന്നതെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ തിയറ്ററുകള്‍ അടഞ്ഞുകിടന്നതിനാല്‍ അത് ഉണ്ടായില്ല.