ഭോപ്പാല്‍: മധ്യപ്രദേശിലെ ഗ്വാളിയോറില്‍ സര്‍ക്കാര്‍ സ്‌കൂളിലെ ശുചിമുറി വൃത്തിയാക്കി ഊര്‍ജ മന്ത്രി പ്രധുമന്‍ സിംഗ് തോമര്‍. സ്‌കൂളിലെ ടോയ്ലറ്റുകള്‍ക്ക് വൃത്തിയില്ലെന്നും, കുട്ടികള്‍ ആരോഗ്യ പ്രശ്നം നേരിടുകയാണെന്നും ഒരു വിദ്യാര്‍ത്ഥിനി തന്നോട് പരാതി പറഞ്ഞിരുന്നു. തുടര്‍ന്നാണ് ശുചിത്വ സന്ദേശം പ്രചരിപ്പിക്കാന്‍ താന്‍ നേരിട്ടെത്തി ശുചിമുറി വൃത്തിയാക്കിയതെന്ന് തോമര്‍ എഎന്‍ഐയോട് പറഞ്ഞു.
”ഞാന്‍ 30 ദിവസത്തെ ശുചിത്വ പ്രതിജ്ഞ എടുത്തിട്ടുണ്ട്, എല്ലാ ദിവസവും ഏതെങ്കിലും സ്ഥാപനത്തില്‍ പോയി ശുചിമുറി വൃത്തിയാക്കും. ശുചിത്വ സന്ദേശം എല്ലാ ആളുകളിലേക്കും എത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാവരും ശുചിത്വത്തിലേക്ക് പ്രചോദിതരാകുന്നതിന് വേണ്ടിയാണ് ഞാന്‍ ഇത് ചെയ്യുന്നത്” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ശുചിത്വം പാലിക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നതിനൊപ്പം, സ്‌കൂളുകളിലെ ടോയ്ലറ്റുകള്‍ എല്ലാ ദിവസവും വൃത്തിയായി സൂക്ഷിക്കാന്‍ അദ്ദേഹം മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.