പെണ്‍സുഹൃത്തിന് പിറന്നാള്‍ സമ്മാനം നല്‍കാന്‍ മോഷണം; മൂന്നു പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: പെണ്‍സുഹൃത്തിന് വിലകൂടിയ പിറന്നാള്‍ സമ്മാനം വാങ്ങാന്‍ മോഷണം നടത്തിയ മോഷ്ടാക്കള്‍ അറസ്റ്റില്‍. ഡല്‍ഹിയിലെ സരോജിനി നഗര്‍ മേഖലയിലാണ് സംഭവം. മൂന്നു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആര്‍കെപുരം സ്വദേശി ശുഭം(20), നിസാമുദീന്‍ സ്വദേശി ആസിഫ്(19), ജാമിയനഗര്‍ സ്വദേശി ഷരിഫുള്‍ മുല്ല(41) എന്നിവരാണ് അറസ്റ്റിലായത്. ആദിത്യ കുമാര്‍ എന്നയാളാണ് പരാതി നല്‍കിയത്.

ഇയാള്‍ ഒറ്റയ്ക്കായിരുന്ന സമയമാണ് മോഷ്ടാക്കള്‍ വീട്ടിലെത്തിയത്. തുടര്‍ന്ന് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതിനു ശേഷം ഇയാളെ മര്‍ദിച്ച് കീഴ്പ്പെടുത്തി. പിന്നീട് കൈകാലുകള്‍ ബന്ധിച്ചു. ആദിത്യയുടെ മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ്, തുണികള്‍, ജാക്കറ്റ്, ഷൂ, വാച്ച്, സ്‌കൂട്ടര്‍ എന്നിവയുമായാണ് മോഷ്ടാക്കള്‍ കടന്നുകളഞ്ഞത്.

മോഷ്ടാക്കള്‍ പോയതിനു ശേഷം കെട്ടഴിച്ച ആദിത്യ കൈവശമുണ്ടായിരുന്ന മറ്റൊരു ലാപ്ടോപ്പ് വഴി ബന്ധുക്കളെ വിവരമറിയിച്ചു. ഇവരാണ് പോലീസുമായി ബന്ധപ്പെട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മോഷ്ടിച്ചെടുത്ത സ്‌കൂട്ടറില്‍ കറങ്ങി നടക്കുന്നതിനിടെയാണ് പ്രതികളെ പോലീസ് പിടികൂടിയത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. മോഷ്ടിച്ചെടുത്ത വസ്തുക്കള്‍ ഇവരില്‍ നിന്നും കണ്ടെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News