മൂന്ന് ഡോസ് വാക്‌സിനെടുത്തു; യു.എസില്‍ നിന്നു മുബൈയിലെത്തിയ യുവാവിന് ഒമിക്രോണ്‍

മുംബൈ: അമേരിക്കയില്‍ നിന്നു മുംബൈയിലെത്തിയ യുവാവിന് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഫൈസര്‍ വാക്സിന്റെ മൂന്ന് ഡോസുകള്‍ എടുത്ത 29കാരനിലാണ് കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതെന്ന് ബൃഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.

നവംബര്‍ ഒന്‍പതിനാണ് ഇയാള്‍ ന്യൂയോര്‍ക്കില്‍ നിന്നും മുംബൈയിലെത്തിയത്. വിമാനത്താവളത്തില്‍ വച്ചു നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് സ്രവം ജീനോം സീക്വന്‍സിംഗിന് അയച്ചപ്പോഴാണ് ഒമിക്രോണ്‍ ബാധ കണ്ടെത്തിയത്.

ഇയാളുമായി അടുത്ത സമ്പര്‍ക്കമുണ്ടായിരുന്ന രണ്ടുപേരുടെ പരിശോധന ഫലം നെഗറ്റീവ് ആണ്. രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ മുംബൈയിലെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 15 ആയി. മഹാരാഷ്ട്രയിലെ ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം 40 ആയി ഉയര്‍ന്നു.

നഗരത്തിൽ ഇതുവരെ കണ്ടെത്തിയ 15 ഒമിക്രോൺ രോഗികളിൽ ആർക്കും ഗുരുതരമായ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ബിഎംസി പറഞ്ഞു. മഹാരാഷ്ട്രയിൽ ഒമിക്രോൺ ബാധിതരുടെ എണ്ണം 40 ആയി. ഇന്ത്യയിൽ ഒമിക്രോൺ വ്യാപനം അതിവേഗത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ബ്രിട്ടനിലെയും ഫ്രാൻസിലെയും നിലയിൽ രാജ്യത്തും വ്യാപനം ഉണ്ടായാൽ പ്രതിദിന കേസുകൾ 13 ലക്ഷം വരെ ആകാമെന്ന് കേന്ദ്രസർക്കാരിന്റെ കോവിഡ് കർമസമിതി അധ്യക്ഷൻ ഡോ. വി കെ പോൾ മുന്നറിയിപ്പ് നൽകി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News