News

കാത്തിരുന്ന കണ്‍മണിയെ ഒരു നോക്കുകണ്ട് മെറിന്‍ യാത്രയായി,അതിരമ്പുഴയിലെ സി.ഡി.എസ് അക്കൗണ്ടന്റ് മരിച്ചത് പ്രസവിച്ച് അഞ്ചാം ദിവസം

കോട്ടയം:കൊവിഡ് രണ്ടാം തരംഗത്തില്‍ പ്രായഭേദമെന്യേ മരണം രോഗബാധിതരെ തട്ടിയെടുക്കുന്നതിന്റെ വാര്‍ത്തകളാണ് രാജ്യത്ത് എങ്ങുനിന്നും കേള്‍ക്കുന്നത്. രോഗബാധയുടെ ആദ്യഘട്ടത്തില്‍ പ്രായാധിക്യം ഉള്ളവരെയാണ് രോഗം ആദ്യം കീഴടക്കിയിരുന്നതെങ്കിലും നാല്‍പ്പതു വയസില്‍ താഴെയുള്ള നിരവധി പേരാണ് മരണത്തിന് കീഴടങ്ങുന്നത്.

കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ച മെറിൻ മാത്യു (36) കോവിഡ് മഹാമാരി നൽകിയ മറ്റൊരു തീരാവേദനയായി. ആൺകുഞ്ഞിന് ജന്മം നൽകി അഞ്ചാം ദിനമാണ് കോവിഡ് മെറിന്റെ ജീവൻ അപഹരിച്ചത്. ഗാന്ധിനഗർ മുടിയൂർക്കര പ്ലാപ്പറമ്പിൽ പ്രസാദ് പി. ഏബ്രഹാമിന്റെ ഭാര്യ മെറിൻ മാത്യുവാണ് (36) കോവിഡ് മൂലം മരിച്ചത്.

അതിരമ്പുഴ പഞ്ചായത്തിലെ സിഡിഎസ് അക്കൗണ്ടന്റാണ് മെറിൻ. 8 മാസം ഗർഭിണിയായിരുന്ന മെറിൻ കഴിഞ്ഞ 20ന് കോട്ടയം മെഡിക്കൽ കോളജിൽ എത്തി നടത്തിയ ആന്റിജൻ‌ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. ശ്വാസം മുട്ടലിനെ തുടർന്നാണ് പരിശോധന നടത്തിയത്. തുടർന്ന് അത്യാഹിത വിഭാഗത്തിൽ മെറിനെ അഡ്മിറ്റ് ചെയ്തു. രാത്രി 9ന് മെറിൻ ഒരു ആൺകുട്ടിക്ക് ജന്മം നൽകി. ഒരു നോക്ക് മെറിനെ കാണിച്ച ശേഷം ബന്ധുക്കൾ കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുപോയി. കുഞ്ഞ് കോവിഡ് നെഗറ്റീവായിരുന്നു.

പ്രസവത്തിന് പിന്നാലെ മെറിന് ശ്വാസ തടസ്സം രൂക്ഷമായി. തുടർന്ന് നടത്തിയ പരിശോധനയിൽ ന്യുമോണിയ ബാധിച്ചതായും കണ്ടെത്തി. ഞായറാഴ്ച രാത്രി 10ന് മെറിന്റെ അന്ത്യം സംഭവിച്ചു. സംസ്കാരം ഇന്നലെ മുടിയൂർക്കര ഹോളിഫാമിലി പള്ളിയിൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടത്തി. തോമസ് പി. പ്രസാദ് മെറിന്റെ മൂത്ത മകനാണ്.

വയനാട്ടില്‍ കോവിഡ് ബാധിച്ച് ആരോഗ്യപ്രവര്‍ത്തകയും ഇന്നലെ മരിച്ചിരുന്നു.വയനാട് ടി ബി സെന്ററിലെ ലാബ്‌ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന മേപ്പാടി സ്വദേശി അശ്വതി (25)യാണ് മരിച്ചത്. ഇവര്‍ക്ക് നാലുദിവസങ്ങള്‍ക്ക് മുമ്പ് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലെ പ്രവേശിപ്പിച്ചു. എന്നാല്‍ അവസ്ഥ കൂടുതല്‍ വഷളായതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.

മെഡിക്കല്‍ കോളേജിലേക്കുളള യാത്രക്കിടയിലാണ് ഇവര്‍ മരിച്ചത്. മറ്റ് അസുഖങ്ങളുമായി ബന്ധപ്പെട്ട് ദിവസങ്ങളായി മരുന്ന് കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു അശ്വതി. അശ്വതിയുടെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ കെ ശൈലജയും അനുശോചനം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് 28 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മഹാമാരി മൂലം ആകെ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 5138 ആയി.ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 70 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.കണ്ണൂര്‍17,കാസര്‍കോഡ് 12,വയനാട് 9,തിരുവനന്തപുരം,തൃശൂര്‍,പാലക്കാട് 6 വീതം,കൊല്ലം,എറണാകുളം,കോഴിക്കോട് 3 വീതം,പത്തനംതിട്ട 2,കോട്ടയം,ഇടുക്കി,മലപ്പുറം 1 വീതം എന്നിങ്ങനെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button