ലക്‌നൗ: ഹത്രാസില്‍ ക്രൂരപീഡനത്തിന് ഇരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ യു.പി പോലീസിന്റെ വാദം തള്ളി മെഡിക്കല്‍ റിപ്പോര്‍ട്ട്. പെണ്‍കുട്ടിക്കു നേരെ ബലപ്രയോഗമുണ്ടായതായി പെണ്‍കുട്ടിയെ ആദ്യം പരിശോധിച്ച ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. പെണ്‍കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച അലിഗഡിലെ ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടറുടെ മെഡിക്കോ-ലീഗല്‍ എക്സാമിനേഷന്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.
പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ മുറിവേല്‍പ്പിച്ചുവെന്നും ഷാള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചതിന്റെ ലക്ഷണങ്ങളുമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പീഡനം നടന്നതിന്റെ ലക്ഷണങ്ങളുണ്ടെന്നും അതിനാല്‍ ആഗ്രയിലെ സര്‍ക്കാര്‍ ഫോറന്‍സിക് ലാബില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുവാനും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.
പെണ്‍കുട്ടി പീഡനത്തിനിരയായി 11 ദിവസങ്ങള്‍ക്ക് ശേഷമാണ് സാംപിളുകള്‍ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചത്. അതിനാല്‍ നിര്‍ണായകമായ പല തെളിവുകളും നഷ്ടപ്പെട്ടാക്കാമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഇതോടെ പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്ന യുപി സര്‍ക്കാരിന്റെയും പോലീസിന്റെയും വാദമാണ് പൊളിയുന്നത്.