ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ ലോക്സഭയില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ വ്യാഴാഴ്ച രാജ്യവ്യാപകമായി പഠിപ്പുമുടക്കും. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. മെഡിക്കല്‍ ബില്‍ വ്യാഴാഴ്ച രാജ്യസഭ പരിഗണിക്കുന്ന സാഹചര്യത്തിലാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ സമരം ശക്തമാക്കുന്നത്.
ബില്‍ നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് ഇന്നു ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചിരുന്നു. പിന്തുണയുമായി രാജ്യമെമ്പാടുമുള്ള മെഡിക്കല്‍ വിദ്യാര്‍ഥികള്‍ അതത് രാജ്ഭവനു മുന്നില്‍ ബുധനാഴ്ച വൈകിട്ടു മുതല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. ബുധനാഴ്ച്ച രാവിലെ ആറിനാരംഭിച്ച 24 മണിക്കൂര്‍ പണിമുടക്കില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ മുഴുവന്‍ ഡോക്ടര്‍മാരും പങ്കെടുക്കുന്നുണ്ട്. അത്യാഹിത വിഭാഗം, തീവ്രപരിചരണ വിഭാഗം, അടിയന്തര ശസ്ത്രക്രിയ എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിരുന്നു.