FeaturedHome-bannerKeralaNews

മരംമുറിക്കാർക്ക് പ്രമുഖ മാധ്യമ പ്രവർത്തകൻ്റെ ഇടനില, കാട്ടു കൊള്ളക്കാർക്ക് ഒത്താശ ചെയ്ത് രണ്ട് ചാനലുകൾ,ആഞ്ഞടിച്ച് പ്രതിപക്ഷം

തിരുവനന്തപുരം:വയനാട്ടിലെ മുട്ടിൽ എസ്റ്റേറ്റ് മരംമുറിക്കേസിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ തള്ളി വനം മന്ത്രി എകെ ശശീന്ദ്രൻ. സര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്താണ് മരം മുറിച്ച് കടത്തിയതെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. കോഴിക്കോട്ടുള്ള വനംവകുപ്പ് ഉദ്യോഗസ്ഥന് ഇക്കാര്യത്തിൽ വീഴ്ച പറ്റിയിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു.

10 കോടി മതിപ്പ് വിലയുള്ള തടിയാണ് മുറിച്ച് കടത്തിയത്. അതിൽ അന്വേഷണം നടക്കുകയാണ്. ഈട്ടിത്തടി മുഴുവൻ കണ്ടെത്തിയത് വനം വകുപ്പ് പരിശോധനയിൽ തന്നെയാണെന്നും ഇതെല്ലാം സര്‍ക്കാരിന്റെ കൈവശം തന്നെയാണ് ഇപ്പോഴുള്ളത്. മന്ത്രിയായി ചുമതല ഏറ്റെടുത്ത ശേഷം ആണ് ഇക്കാര്യത്തെ കുറിച്ച് അറിയുന്നതെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് വിജിലൻസ് കൺസർവേറ്റർ ചുമതല ഉണ്ടായിരുന്ന ടിഎൻ സാജൻ കേസ്‌ വഴി തിരിച്ചു വിടുന്നു എന്ന പരാതി കിട്ടി. വനം വകുപ്പിൽ നിന്നും മറ്റു പല സംഘടനകളും പരാതി നൽകി.

സര്‍ക്കാരിനെതിരെ നിയമസഭയിൽ ആഞ്ഞടിച്ചാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ലക്ഷക്കണത്തിന് രൂപയുടെ വനം കൊള്ളയാണ് നടന്നതെന്നും പ്രതികൾക്ക് ഉന്നത ബന്ധമുണ്ടെന്നും ആരോപിച്ച പ്രതിപക്ഷം ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണവും ആവശ്യപ്പെട്ടു. കർഷകരെ സഹായിക്കാനെന്ന പേരിൽ ചന്ദനമൊഴികെയുള്ള മരം മുറിക്കാൻ റവന്യുപ്രിൻസിപ്പൽ സെക്രട്ടറി 2020 ഒക്ടോബർ 24 ഉത്തരവിന് ഇറക്കിയത് വനംകൊള്ളക്കാരെ സഹായിക്കാനാണ്. മുട്ടിൽ നിന്നും മുറിച്ച കോടിക്കണക്കിന് രൂപയുടെ മരങ്ങൾ പ്രതികളുടെ പെരുമ്പാവൂരിലെ മില്ലിൽ എത്തിക്കും വരെ സർക്കാർ നോക്കിനിന്നു

വനംമന്ത്രിയോട് പിടി തോമസ് :

വനം മന്ത്രിക്ക് പ്രതികളെ അറിയാമായിരുന്നോ ?
പ്രതികൾ വനംമന്ത്രിയുടെ പാർട്ടിയിൽ ചേര്‍ന്നോ ?

പ്രമുഖ മാധ്യമ സ്ഥാപനത്തിലെ പ്രമുഖൻ ഇടനിലക്കാരനായി നിന്നിട്ടുണ്ടോ ?

തെരഞ്ഞെടുപ്പ് കാലത്താണ് മരംമുറിച്ച് കടത്തിയതെന്നും വനം മന്ത്രിയായ ശേഷമാണ് മരം മുറിച്ച് കടത്തിയ വിവരം അറിയുന്നതെന്നും ഉള്ള മന്ത്രിയുടെ വാദവും പ്രതിപക്ഷം തള്ളിക്കളഞ്ഞു. മന്ത്രിയാരെന്ന് ഉള്ളത് പ്രസക്തമല്ല. സര്‍ക്കാര്‍ തുടര്‍ച്ചയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ മറുപടി. പട്ടയ ഭൂമിയിൽ നിന്ന് ചന്ദന മരങ്ങൾ ഒഴികെയുള്ളവ മുറിക്കാമെന്ന റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി യുടെ ഉത്തരവ് ആണ് മരം മുറിക്കു മറയായത്. ജില്ലാ കളക്ടര്‍മാർ ചൂണ്ടിക്കാട്ടിയപ്പോഴാണ് ഉത്തരവിലെ പിഴവ് തിരിച്ചറിയുന്നത്.

കളക്ടർമാർക്കുള്ള നിയമ ബോധം പോലും സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥർക്ക് ഇല്ലാതെ പോയി. തടി പിടിച്ച റേഞ്ച് ഓഫീസറെ ഐഎഫ്എസ് റാങ്കിലുള്ള ഉദ്യോഗസ്ഥന് ഭീഷണി പെടുത്തിയപ്പോൾ സർക്കാർ എവിടെ പോയെന്നും റേഞ്ച് ഓഫീസർക്ക് എതിരായ കള്ള കേസ് ആണ് ചില ചാനലുകൾ വാർത്ത ആക്കിയതെന്നും വിഡി സതീശൻ ആരോപിച്ചു. തടി പിടിച്ച ഉദ്യോഗസ്ഥന് ഞങ്ങൾ ജനത്തിന് വേണ്ടി ബിഗ് സല്യൂട്ട് കൊടുക്കുന്നു എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കൊള്ളക്കാര്‍ ഭരണ നേതൃത്വത്തിന്റെ പിൻബലത്തോടെ അഴിഞ്ഞാടുകയാണെന്ന് ആരോപിച്ച പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker