27.9 C
Kottayam
Sunday, May 5, 2024

മേയര്‍ ആര്യയ്ക്കും എംഎല്‍എ സച്ചിനും ഇന്ന് വിവാഹനിശ്ചയം,ചടങ്ങ് രാവിലെ എകെജി സെന്ററില്‍

Must read

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ബാലശ്ശേരി എംഎല്‍എ സച്ചിന്‍ ദേവും തമ്മിലുള്ള വിവാഹനിശ്ചയം ഇന്ന് രാവിലെ നടക്കും. രാവിലെ 11ന് എ കെ ജി സെന്ററിലാണ് വിവാഹനിശ്ചയം. ഇരുവരുടെയും അടുത്തബന്ധുക്കളും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും മാത്രം പങ്കെടുക്കുന്നതാണ് ചടങ്ങ്. ലളിതമായ ചടങ്ങാണ് നിശ്ചയിച്ചിരിക്കുന്നതെന്ന് ഇരുവരും പറഞ്ഞു. വിവാഹം പിന്നീട് നടക്കും. സച്ചിന്‍ എസ് എഫ് ഐ സംസ്ഥാനസെക്രട്ടറിയും പാര്‍ട്ടി കോഴിക്കോട് ജില്ലകമ്മിറ്റി അംഗവുമാണ്. ആര്യ എസ് എഫ് ഐ സംസ്ഥാനസമിതി അംഗവും പാര്‍ട്ടി ചാല ഏര്യാകമ്മിറ്റി അംഗവുമാണ്. രാജ്യത്തെ എറ്റവും പ്രായം കുറഞ്ഞ മേയറും കേരളനിയമസഭയിലെ പ്രായം കുറഞ്ഞ എംഎല്‍എയും തമ്മിലുള്ള വിവാഹനിശ്ചയെന്ന പ്രത്യേകതയുമുണ്ട്.

ബാലസംഘം എസ് എഫ് ഐ കാലഘട്ടം മുതല്‍ ഇരുവരും സുഹൃത്തുക്കളാണ്. ഇതാണ് ഇപ്പോള്‍ വിവാഹത്തിലെത്തിച്ചിരിക്കുന്നത്. ഒരു മാസത്തിന് ശേഷമായിരിക്കും ഇരുവരുടെയും വിവാഹം. ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന ഖ്യാദിയോടെയാണ് ആര്യ തിരുവനന്തപുരം മേയറായി ചുമതലയേറ്റത്. തിരുവനന്തപുരം ഓള്‍ സെയിന്റ്‌സ് കോളേജില്‍ വിദ്യാര്‍ഥിയായിരിക്കെയായിരുന്നു തെരഞ്ഞെടുപ്പില്‍ പങ്കെടുത്തതും വിജയിച്ചതും. ഇലക്ട്രീഷ്യനായ രാജേന്ദ്രന്റെയും എല്‍ഐസി ഏജന്റായ ശ്രീലതയുടേയും മകളാണ് ആര്യ.

ഈ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിച്ച സച്ചന്‍ ബാലുശ്ശേരിയില്‍ നിന്ന് മികച്ച വിജയം നേടി നിയമസഭയിലെത്തി. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയാണ് സച്ചിന്‍ദേവ്. എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായ സച്ചിന്‍ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗമാണ്. കോഴിക്കോട് ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് ചെയര്‍മാനായിരുന്നു. നിയമബിരുദധാരിയാണ്. ബാലുശ്ശേരിയില്‍ സച്ചിന്‍ദേവ് മല്‍സരിച്ചപ്പോള്‍ താരപ്രചാരകയായി ആര്യ രാജേന്ദ്രന്‍ എത്തിയിരുന്നു. 15ാം നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് സച്ചിന്‍ ദേവ്.

സച്ചിന്‍ ദേവുമായി എസ് എഫ് ഐ മുതലുള്ള പരിചയമാണ് വിവാഹത്തിലേക്ക് എത്തുന്നതെന്ന് ആര്യ നേരത്തെ വ്യക്തമാക്കിയിരുന്നു. ”ഞങ്ങളിരുവരും ഒരേ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവരാണ്. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചവരാണ്.രണ്ട് പേര്‍ക്കും കുടുംബവും പാര്‍ട്ടിയുമാണ് ഏറെ പ്രാധാന്യമുള്ള വിഷയം. ആ സൌഹൃദ ബന്ധമാണ് വിവാഹത്തിലേക്കെത്തിയതെന്നും ആര്യ പറയുന്നു.

‘വിവാഹം സമയമെടുത്തു ആലോചിച്ച് നടത്തേണ്ട കാര്യമാണ്. ഞങ്ങള്‍ പരസ്പരം ആലോചിച്ച ശേഷം വീട്ടുകാരെ അറിയിക്കുകയായിരുന്നു. രണ്ട് കുടുംബവും തമ്മില്‍ വിവാഹത്തെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. രണ്ട് പേരും ജന പ്രതിനിധികളായതിനാല്‍ പാര്‍ട്ടിയുമായി ആലോചിച്ച ശേഷമായിരിക്കും വിവാഹം. ഇരുവരും ജനപ്രതിനിധികളാണ്. എന്റെ പഠനവും പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും ആര്യ അന്ന് വിവാഹ വാര്‍ത്തകളോട് പ്രതികരിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week