CrimeKeralaNews

ലക്ഷ്യമിട്ടത് മൃഗത്തെയല്ല;മനുഷ്യനെ, മാവടിയിലേത് ആസൂത്രിത കൊലപാതകം,പ്രതിരോധിച്ചത് വളര്‍ത്തുനായ

നെടുങ്കണ്ടം: മാവടിയില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന ഗൃഹനാഥന്‍ വെടിയേറ്റുമരിച്ച സംഭവത്തില്‍ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം കരുതിക്കൂട്ടിയുള്ള കൊലപാതകമെന്നും പോലീസ് സ്ഥിരീകരിച്ചു.

മാവടി ഇന്ദിരാനഗര്‍ പ്ലാക്കല്‍ സണ്ണി(57) യാണ് ചൊവ്വാഴ്ച രാത്രി 11.30-ന് വെടിയേറ്റ് മരിച്ചത്. മാവടി തകിടിയില്‍ സജി ജോണ്‍(50), മുകുളേല്‍പ്പറമ്പില്‍ ബിനു(40), കല്ലിടുക്കില്‍ വിനീഷ് മനോഹരന്‍ (38) എന്നിവരെ കട്ടപ്പന ഡിവൈ.എസ്.പി. വി.എ. നിഷാദ്മോന്റെ നേതൃത്വത്തിലാണ് അറസ്റ്റുചെയ്തത്.

പ്രതിയായ ബിനു ചാരായം വാറ്റിയ കേസില്‍ കുറച്ചുനാള്‍ മുമ്പ് അറസ്റ്റിലായിരുന്നു. വിവരം എക്സൈസിന് കൈമാറിയത് സണ്ണിയാണെന്ന സംശയമാണ് വെടിവെച്ചുകൊല്ലാന്‍ കാരണമെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി 9.30-ന് ബിനുവിന്റെ വീട്ടില്‍ ഒത്തുചേര്‍ന്ന് പദ്ധതി തയ്യാറാക്കിയ പ്രതികള്‍ സണ്ണിയുടെ വീടിന് സമീപത്തെത്തി.

തുടര്‍ന്ന് അടുക്കളഭാഗത്തെ വാതില്‍ ലക്ഷ്യമിട്ട് വെടിവെക്കുകയായിരുന്നു. സണ്ണി കിടന്നുറങ്ങുന്നത് അടുക്കള ഭാഗത്തോടുചേര്‍ന്ന മുറിയിലാണെന്ന് മനസ്സിലാക്കിയാണ് പ്രതികള്‍ വെടിവെച്ചത്. സജിയാണ് വെടിവെച്ചത്. കഞ്ചാവുകൃഷിയുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ എതിരാളിയെ വെടിവെച്ചു കൊന്ന കേസിലും പ്രതിയാണ് സജി.

മൃഗവേട്ടയ്ക്ക് ഉപയോഗിക്കുന്ന നാടന്‍തോക്കാണ് ഉപയോഗിച്ചത്. അഞ്ച് വെടിയുണ്ടകള്‍ സണ്ണിയുടെ വീടിന്റെ വാതിലില്‍ തറഞ്ഞിരുന്നു. വാതില്‍ തുളച്ചെത്തിയ ഒരു വെടിയുണ്ട സണ്ണിയുടെ തലയില്‍ കൊണ്ടതാണ് മരണകാരണം.

കൊലപാതകത്തിന് ഉപയോഗിച്ച നാടന്‍തോക്ക് ബിനുവിന്റെ വീടിന് സമീപത്തെ പടുതാക്കുളത്തില്‍നിന്ന് കണ്ടെടുത്തു. കട്ടപ്പന ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ നെടുങ്കണ്ടം സി.ഐ. ജെര്‍ളിന്‍ വി.സ്‌കറിയ, എസ്.ഐ. ജയകൃഷ്ണന്‍ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിന് നേതൃത്വം കൊടുത്തത്.

കൊലയ്ക്ക് ശേഷം വീടിന് സമീപത്തെ പടുതാക്കുളത്തില്‍ തോക്ക് ഒളിപ്പിച്ചതായി ബിനു പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതോടെ കേസിലെ പ്രധാന തെളിവായ തോക്ക് കണ്ടെത്താനായി പോലീസിന്റെ ശ്രമം. വെള്ളിയാഴ്ച രാവിലെ മാവടിയിലെത്തിയ പോലീസ് സംഘം രാവിലെ പത്തിന് പടുതാക്കുളം വറ്റിക്കാന്‍ ശ്രമം തുടങ്ങി. ഉച്ചയ്ക്ക് 1.30-നാണ് പടുതാക്കുളം വറ്റിച്ച് കൊലയ്ക്ക് ഉപയോഗിച്ച തോക്ക് കണ്ടെത്താനായത്. ഫൊറന്‍സിക് പരിശോധനകള്‍ക്ക് ശേഷം മാത്രമേ ഈ തോക്ക് ഉപയോഗിച്ചാണ് കൊല നടത്തിയതെന്ന് സ്ഥിരീകരിക്കാനാകൂ. തോക്ക് നിര്‍മിച്ചുനല്‍കിയവരെ കണ്ടെത്താനുള്ള ശ്രമവും പോലീസ് തുടങ്ങി.

മാവടിയില്‍ വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന ഇന്ദിരാനഗര്‍ പ്ലാക്കല്‍ സണ്ണിയെ വെടിവെച്ചുകൊല്ലാന്‍ പ്രതികളായ സജിയും മനോഹരനും പദ്ധതിയിട്ടത് പ്രതിയായ ബിനുവിന്റെ വീട്ടിലെ മദ്യപാനത്തിനിടെ. ചൊവ്വാഴ്ച രാത്രി 9.30-ന് മദ്യപിക്കുന്നതിനിടയില്‍ ഏതാനും നാളുകള്‍ മുന്‍പ് ബിനുവിനെ ചാരായം വാറ്റിയതിന് എക്സൈസ് പിടികൂടിയതിന് പിന്നില്‍ സണ്ണിയാണ് എന്ന സംശയം ഉയര്‍ന്നു.

സണ്ണിയെ വകവരുത്തണം എന്ന ഉദ്ദേശത്തോടെ വീടിനു സമീപത്ത് ഒളിച്ചുവെച്ച തോക്ക് തപ്പിയെടുത്ത സംഘം 11.30-ന് സണ്ണി ഉറങ്ങിക്കിടന്ന റൂമിലേക്ക് നിറയൊഴിച്ചു. ഇതിനിടെ സണ്ണിയുടെ വളര്‍ത്തുനായ ഇവര്‍ക്കു നേരേ കുരച്ചുചാടി. ഇതോടെ തലയില്‍ ഘടിപ്പിച്ചിരുന്ന ഹെഡ് ലൈറ്റ് ഓഫ്‌ചെയ്ത സംഘം ചിതറിയോടുകയായിരുന്നു. ബിനുവിന്റെ കൈയിലെ തോക്കും തിരകളും ഉപേക്ഷിക്കാന്‍ പറഞ്ഞ സംഘം മരണവീട്ടിലെത്തി പോലീസിനെയും വീട്ടുകാരെയും നിരീക്ഷിച്ചിരുന്നു

ചൊവ്വാഴ്ച രാത്രി മാവടിയില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന മാവടി ഇന്ദിരാനഗര്‍ പ്ലാക്കല്‍ സണ്ണി വെടിയേറ്റുമരിച്ച സംഭവം അറിഞ്ഞപ്പോള്‍ തന്നെ സംഭവത്തിന് പിന്നില്‍ നായാട്ടു സംഘങ്ങളാണെന്ന് നാട്ടുകാര്‍ക്കിടയില്‍ സംസാരമുണ്ടായിരുന്നു. പോലീസും രഹസ്യാന്വേഷണ വിഭാഗങ്ങളും സംഭവത്തിന് പിന്നില്‍ വേട്ടക്കാരുടെ സാന്നിധ്യം സംശയിച്ചിരുന്നു.

വേട്ടയ്ക്കിറങ്ങിയവര്‍ സണ്ണിയുടെ വീട്ടിലെ പട്ടിയെ വെടിവെച്ചത് ഉന്നംതെറ്റിക്കൊണ്ടതാണെന്നും നാട്ടുകാര്‍ക്കിടയില്‍ സംസാരമുണ്ടായിരുന്നു. വ്യാഴാഴ്ച പ്രതികളായ സജി, ബിനു, വിനീഷ് എന്നിവരെ നെടുങ്കണ്ടം പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തതോടെ ഇവര്‍ തന്നെയാകാം കൊലയ്ക്ക് പിന്നിലെന്ന് നാട്ടുകാര്‍ ഉറപ്പിച്ചു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് വട്ടവട കമ്പക്കല്ലില്‍ കഞ്ചാവ് കൃഷിയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ടൈറ്റസ് എന്നയാളെ വെടിവെച്ച് കൊന്നശേഷം ശരീരം രണ്ട് കഷണങ്ങളാക്കി മുറിച്ച് ഒളിപ്പിച്ച കേസിലെ പ്രതിയായിരുന്നു സജി. കേസില്‍ വേണ്ടത്ര തെളിവില്ലാത്തതിനാല്‍ സജിയെ ശിക്ഷിച്ചിരുന്നില്ല. ചാരായം വാറ്റ്, തടി മോഷണം എന്നീ കേസുകള്‍ ബിനുവിന്റെ പേരിലുണ്ട്. പ്രദേശത്തെ മൃഗവേട്ടയ്ക്ക് പിന്നിലും ഇവരാണെന്ന് പ്രദേശവാസികള്‍ പറയുന്നു. സണ്ണിയെ വെടിവെച്ച ദിവസവും വേട്ടയ്ക്കിറങ്ങിയിരുന്നുവെന്ന് പ്രതികള്‍ പോലീസിന് മൊഴി നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button