‘ഞാനങ്ങോട്ട് വന്നാലുണ്ടല്ലോ…’ പോലീസുകാരനെ ഭീഷണിപ്പെടുത്തി സി.പി.എം പ്രാദേശിക നേതാവ്,ശബ്ദരേഖ പുറത്ത്

ആലപ്പുഴ: ലഹരിപരിശോധനയ്‌ക്കെത്തിയ പോലീസിനു നേരെ ഭീഷണിയും അസഭ്യവർഷവുമായി സി.പി.എം. നേതാവ്. ആലപ്പുഴ കഞ്ഞിക്കുഴി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഹെബിന്‍ ദാസിനെതിരെയാണ് പരാതി. നാര്‍കോട്ടിക്‌സ് സെല്‍ സീനിയര്‍ സി.പി.ഓ. ഷൈന്‍ കെ.എസിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ പുറത്ത് വന്നു. ശബ്ദരേഖ പോലീസുദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

കഞ്ഞിക്കുഴി ബ്ലോക്ക് ഓഫീസിനു സമീപം യുവാക്കള്‍ കൂട്ടംകൂടുകയും ലഹരി ഉപയോഗിക്കുകയും ചെയ്യുന്നു എന്ന റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ലഹരിവിരുദ്ധ സ്‌ക്വാഡിന് കൈമാറിയിരുന്നു. അതിനെ തുടര്‍ന്നാണ് ഡാന്‍സാഫ് സംഘം ഇവിടെ പരിശോധനയ്‌ക്കെത്തി.

അവിടെയുണ്ടായിരുന്ന യുവാക്കളുടെ കൂട്ടത്തില്‍ ഹെബിന്‍ ദാസിന്റെ ബന്ധുവുമുണ്ടായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ പോലീസിനോട് തട്ടിക്കയറി. തുടര്‍ന്ന് സ്‌റ്റേഷനില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ഇയാളുടെ ഫോണ്‍ പോലീസ് വാങ്ങിവെച്ചു. ഇതാണ് ഹെബിന്‍ദാസിനെ പ്രകോപിപ്പിച്ചത്.

ഇത്തരത്തില്‍ കേസുകളില്‍ കുടുക്കാന്‍ ശ്രമിച്ചാല്‍ കര്‍ശനമായ നടപടികളുണ്ടാകുമെന്നു പറഞ്ഞായിരുന്നു പോലീസുദ്യോഗസ്ഥനു നേരെ ഹെബിന്‍ ദാസിന്റെ ഭീഷണിയും അസഭ്യവര്‍ഷവും. പാര്‍ട്ടി ഗ്രൂപ്പുകളിലും ഹെബിന്‍ ദാസിന്റെ ശബ്ദസന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഹെബിന്‍ ദാസിനെതിരെ നടപടി വേണമെന്ന് പാര്‍ട്ടിയില്‍ നിന്നുള്ള ഒരു വിഭാഗം ആവശ്യപ്പെടുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News