എകെജി സെന്ററിന് നേരെ ആക്രമണം: സംസ്ഥാനത്ത് വ്യാപക പ്രതിഷേധം, കോട്ടയത്ത് ഡി.സി.സി ഓഫീസിന് കല്ലേറ്,ആലപ്പുഴയിൽ ഇന്ദിരാഗാന്ധിയുടെ പ്രതിമയുടെ കൈ തകര്‍ത്തു

തിരുവനന്തപുരം: എകെജി സെന്ററിന് നേര്‍ക്കുണ്ടായ ബോംബ് ആക്രമണത്തില്‍ വ്യാപക പ്രതിഷേധം. എകെജി സെന്ററിന് നേരെ നടന്ന ആക്രമണത്തെ ബഹുജനങ്ങളെ അണിനിരത്തി സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

ആക്രമണം ഉണ്ടായതറിഞ്ഞ് എകെജി സെന്ററിന് സമീപം തടിച്ചുകൂടിയ സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. എകെജി സെന്ററിന് നേര്‍ക്കുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ തിരുവനന്തപുരത്തിന് പുറമെ വിവിധ ജില്ലകളിലും പ്രതിഷേധ പ്രകടനം നടന്നു. പത്തനംതിട്ട ഡിസിസി ഓഫീസിലേക്ക് നടന്ന പ്രകടനത്തില്‍ സിപിഎം പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. കോഴിക്കോടും പ്രകടനം നടന്നു.

ആലപ്പുഴ നഗരത്തില്‍ ഇന്ദിരാഗാന്ധിയുടെ പ്രതിമയുടെ കൈ തകര്‍ത്തു. അടൂരിലും തിരുവല്ലയിലും സിപിഎം പ്രവര്‍ത്തകര്‍ രാത്രി പ്രതിഷേധ പ്രകടനം നടത്തി. കോട്ടയത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസിന് നേര്‍ക്ക് കല്ലേറുണ്ടായി. സിപിഎം പ്രതിഷേധ മാര്‍ച്ചിനിടെയായിരുന്നു സംഭവം. കല്ലേറില്‍ ഡിസിസി ഓഫീസിന്റെ ചില്ലുകള്‍ തകര്‍ന്നു. പ്രതിഷേധം സമാധാനപരമായിരിക്കണമെന്ന് ഇടതുമുന്നണി അഭ്യര്‍ത്ഥിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News