ന്യൂഡല്‍ഹി: ഡല്‍ഹി നഗരത്തില്‍ പലയിടത്തും മഴയോടൊപ്പം ആലിപ്പഴം വീണത് കൗതുകമായി. വെള്ളിയാഴ്ച രാത്രിയാണ് നഗരത്തിന്റെ പലഭാഗത്തും കനത്ത മഴയോടൊപ്പം വലിയരീതിയില്‍ ആലിപ്പഴവും പൊഴിഞ്ഞത്.
കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ടനുസരിച്ച് ഡല്‍ഹിയില്‍ വെള്ളിയാഴ്ച കൂടിയ താപനില 27.9 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 12.5 ഡിഗ്രി സെല്‍ഷ്യസുമാണ് രേഖപ്പെടുത്തിയത്. ശനിയാഴ്ചയും ഡല്‍ഹിയില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഭൂതലത്തില്‍ നിന്നും ഉയര്‍ന്നുപൊങ്ങുന്ന ചൂടേറിയ നീരാവി വളരെ പെട്ടെന്ന് തണുക്കുകവഴി രൂപം കൊള്ളുന്ന ഐസ് രൂപമാണ് ആലിപ്പഴം. ചൂടേറിയ നീരാവി ഭൂമിയില്‍ നിന്നും 1-2 കിലോമീറ്റര്‍ ഉയരത്തില്‍ എത്തുമ്പോള്‍ മുകളില്‍ നിന്നും താഴോട്ട് ഒഴുകിക്കൊണ്ടിരിക്കുന്ന തണുത്ത വായുവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുമ്പോള്‍ വളരെപ്പെട്ടെന്ന് തണുത്ത് ചെറിയ ഐസ് കട്ടകള്‍ ആയി മാറുന്നു. ഈ പ്രക്രിയ തുടരുമ്പോള്‍ ഐസ് കട്ടകളുടെ വലിപ്പവും ഭാരവും കൂടുകയും, അത് താഴോട്ട് പതിക്കുകയും ചെയ്യുന്നു.
പല വലിപ്പത്തിലായി കണ്ടുവരുന്ന ആലിപ്പഴം പൊതുവെ ചെറിയ കഷണങ്ങളായാണു ഭൂമിയില്‍ പതിക്കുന്നത്. ഗോളാകൃതിയില്‍ നിന്ന് ഉരുകി വരുന്നതിനാല്‍ അതിനു കൃത്യമായ ആകൃതി ഉണ്ടാവാറില്ല. ആലിപ്പഴം വന്‍തോതില്‍ ഭൂമിയിലേക്കു പതിക്കുന്നത് പലപ്പോഴും കൃഷി നാശം ഉണ്ടാക്കാറുണ്ട്.
1986ല്‍ ഏകദേശം ഒരു കിലോഗ്രാം വീതം ഭാരമുള്ള ആലിപ്പഴം പെയ്ത് ബംഗ്ലാദേശിലെ ഗോപാല്‍ഗഞ്ച് ജില്ലയില്‍ 92 പേര്‍ മരിച്ചിരിന്നു. ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഭാരമേറിയ ആലിപ്പഴം വീഴ്ചയായിരുന്നു ഇത്.