കോഴിക്കോട്: വടകരയിലെ താലൂക്ക് ഓഫീസിൽ വൻ തീപ്പിടിത്തം. മേൽക്കൂരയുടെ ഒരു ഭാഗം തകർന്നുവീണു. അഗ്നിശമനസേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കൂടുതൽ ഫയർഫോഴ്സ് സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. വടകര സബ് ട്രഷറി ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ വളരെ അടുത്താണ് സ്ഥിതിചെയ്യുന്നത്.
പുലർച്ചെയോടെയാണ് തീപ്പിടിത്തം ശ്രദ്ധയിൽപ്പെട്ടത്. കാലപ്പഴക്കമുള്ള കെട്ടിടമാണ് അപകടത്തിൽപ്പെട്ടത്. ഷോട്ട് സർക്യൂട്ടാണ് തീപ്പിടുത്തതിനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം. പഴക്കമുള്ള കെട്ടിടമായതിനാൽ വളരെ വേഗം തീ ആളിപ്പടരുകയായിരുന്നു. എന്തൊക്കെ രേഖകൾ കത്തിനശിച്ചു എന്നത് സംബന്ധിച്ച് വിശദമായ വിവരങ്ങൾ പിന്നീട് മാത്രമേ വ്യക്തമാകുകയുള്ളൂ.
ജില്ലാ റൂറൽ പോലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് പോലീസും രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. തീ അണച്ച ശേഷം മാത്രമേ അപകടത്തിന്റെ കാരണം കണ്ടെത്താൻ കഴിയുകയുള്ളൂ. ആദ്യം ഫയർഫോഴ്സിന്റെ രണ്ട് യൂണിറ്റുകളാണ് സ്ഥലത്തെത്തിയത്. എന്നാൽ, തീ അണയാത്ത പശ്ചാത്തലത്തിൽ സ്ഥലത്തേക്ക് കൂടുതൽ യൂണിറ്റുകളെ എത്തിക്കുകയായിരുന്നു.