മെക്‌സികോ സിറ്റി:മെക്‌സികോയില്‍ ഉഗ്ര ഭൂചലനം. പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി 9.30 ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഗ്വെറേറോ സംസ്ഥാനത്തെ അകാപുല്‍കോ ബീച്ച് 14 കിലോമീറ്റര്‍ തെക്കുകിഴക്ക് ഭാഗമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം എന്നാണ് വിലയിരുത്തല്‍. ഭൂചലനത്തെ തുടര്‍ന്ന് മെക്‌സിക്കോ സിറ്റിയിലെ റോമാ സുര്‍ ഇരുട്ടിലായി. പരിഭ്രാന്തരായ ജനങ്ങള്‍ വീടുകള്‍ വിട്ട് പുറത്തേക്കോടിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.
വലിയ തീവ്രത രേഖപ്പെടുത്തുമ്പോഴും ദൂകമ്പത്തില്‍ ഗുരുതരമായ നാശനഷ്ടങ്ങളെക്കുറിച്ച് ഇതുലരെ റിപ്പോര്‍ട്ടുകളൊന്നുമില്ലെന്ന് മെക്‌സിക്കോ സിറ്റി മേയര്‍ ക്ലോഡിയ ഷെയ്ന്‍ബോം അറിയിച്ചു. ട്വിറ്ററില്‍ ആയിരുന്നു പ്രതികരണം. എന്നാല്‍ തുടക്കത്തില്‍ യുഎസ്ജിഎസ് 7.4 തീവ്രതയില്‍ രേഖപ്പെടുത്തിയ ഭൂചലനം വലിയ പാറ വീഴ്ചയ്ക്കും മണ്ണിടിച്ചിലിനും കാരണമായെന്ന് ഗുറേറോ സംസ്ഥാനത്തെ സിവില്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി അറിയിച്ചു.
ഭൂകമ്പത്തില്‍ അകാപുല്‍കോയിലെ കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി റോയിട്ടേഴ്‌സും റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വലിയ ഭൂകമ്പ സജീവമായ സ്ഥലങ്ങളില്‍ ഒന്നാണ് മെസക്‌സികോ. അറ്റ്‌ലാന്റിക്, പസഫിക് സമുദ്രങ്ങളാല്‍ അതിര്‍ത്തി പങ്കിടുന്ന രാജ്യവുമാണിത്.
മെക്‌സിക്കോ സിറ്റിയില്‍ 1985 സെപ്റ്റംബര്‍ 19 ന് 8.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ പതിനായിരത്തിലധികം ആളുകള്‍ മരിക്കുകയും നൂറുകണക്കിന് കെട്ടിടങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. 2017 ലും വലിയ ഭൂചലനം മെക്‌സികോയെ ബാധിച്ചിരുന്നു. 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ അന്ന് 370 പേര്‍ മരിച്ചിരുന്നു.