KeralaNews

പൊന്നാനിയില്‍ സി.പി.എമ്മില്‍ കൂട്ടരാജി,കുറ്റ്യാടിയില്‍തന്റെ പേരുപയോഗിച്ച് പ്രതിഷേധം നടത്തരുതെന്ന് കെ.പി.കുഞ്ഞഹമ്മദുകുട്ടി

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിൽ പൊന്നാനിയിൽ പി. നന്ദകുമാറിനെ സ്ഥാനാർഥിയാക്കാനുള്ള പാർട്ടി തീരുമാനത്തിനെതിരെ സി.പി.എമ്മിൽ വ്യാപക പ്രതിഷേധം. സി.പി.എം. ബ്രാഞ്ച് സെക്രട്ടറിമാർ ഉൾപ്പെടെ നിരവധി പാർട്ടി അംഗങ്ങൾ രാജിവെച്ചു.

പൊന്നാനി ലോക്കൽ കമ്മിറ്റിയിലെ മുറിഞ്ഞഴി ബ്രാഞ്ച് സെക്രട്ടറി ടി.കെ. മഷ്ഹൂദ്, ലോക്കൽ കമ്മിറ്റിയംഗം എം. നവാസ്, എരമംഗലം ലോക്കൽ കമ്മിറ്റിയിലെ നാക്കോല ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റിയംഗവുമായ നവാസ് നാക്കോല, താഴത്തേൽപടി ബ്രാഞ്ച് സെക്രട്ടറി അനിരുദ്ധൻ കുവ്വക്കാട്ട്, ലോക്കൽ കമ്മിറ്റിയംഗങ്ങളായ പി. അശോകൻ, ബിജു കോതമുക്ക്, വെളിയങ്കോട് ലോക്കൽ കമ്മിറ്റിയിലെ പത്തുമുറി ബ്രാഞ്ച് സെക്രട്ടറി എം.എം. ബാദുഷ, തണ്ണിത്തുറ ബ്രാഞ്ച് സെക്രട്ടറി വി.എം. റാഫി തുടങ്ങിയവർ ഇതിനോടകം നേതൃത്വത്തിന് രാജികൈമാറി. വരുദിവസങ്ങളിൽ കൂടുതൽ രാജിയുണ്ടാകുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.

ഇതിനുപുറമെ പൊന്നാനി നഗരസഭയിലെ 22 പാർട്ടി അംഗങ്ങളും പെരുമ്പടപ്പ് ലോക്കൽ കമ്മിറ്റിയിലെ 11, മാറഞ്ചേരി ലോക്കൽ കമ്മിറ്റിയിലെ നാല് പാർട്ടി അംഗങ്ങളും രാജിസമർപ്പിച്ചിട്ടുണ്ട്. പൊന്നാനി നഗരസഭ, വെളിയങ്കോട്, പെരുമ്പടപ്പ്, മാറഞ്ചേരി മേഖലയിൽനിന്നുള്ള പാർട്ടി ജനപ്രതിനിധികളും രാജിവെക്കുമെന്ന ഭീഷണിയും പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച പൊന്നാനിയിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ വെളിയങ്കോട് ഗ്രാമപ്പഞ്ചായത്തംഗം താഹിർ ഉൾപ്പെടെയുള്ളവരും പങ്കെടുത്തിരുന്നു. സി.ഐ.ടി.യു. നേതാവ് പി. നന്ദകുമാറിനെ സ്ഥാനാർഥിയാക്കുന്നതിനെതിരെയാണ് പൊന്നാനിയിൽ സി.പി.എം. അണികൾക്കിടയിൽ വ്യാപകപ്രതിഷേധം. സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റംഗം ടി.എം. സിദ്ദീഖിനെ സ്ഥാനാർഥിയാക്കണമെന്നാണ് സി.പി.എം. അണികളുടെ പൊതുവികാരം.

അതിനിടെ കുറ്റ്യാടി നിയോജക മണ്ഡലം കേരള കോൺഗ്രസ് (എം) ന് വിട്ടു നൽകി എന്ന വാർത്തയുടെ അടിസ്ഥാനത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കെതിരെ ചില വ്യക്തികളും വിഭാഗങ്ങളും തന്റെ പേരും ഫോട്ടോയും ഉപയോഗിച്ചു നടത്തുന്ന പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്ന് കെ.പി കുഞ്ഞഹമ്മദുകുട്ടി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.അത്തരം പ്രചരണങ്ങളിൽ നിന്നും പ്രകടനങ്ങളിൽ നിന്നും പാർടി പ്രവർത്തകരും അഭ്യുദയകാംക്ഷികളും വിട്ടു നിൽക്കണമെന്നും അഭ്യര്‍ത്ഥിയ്ക്കുന്നതായി പ്രസ്താവനയില്‍ പറയുന്നു.

പ്രസ്താവനയുടെ പൂര്‍ണ്ണരൂപമിങ്ങനെ:

ഇടതുപക്ഷ സർക്കാറിൻ്റെ തുടർഭരണ സാധ്യതക്ക് മങ്ങലേല്പിക്കുന്ന ഒരു നീക്കങ്ങളിലും സഖാക്കൾ വീണു പോകരുതെന്നും
സി പി ഐ എം വിരുദ്ധ മാധ്യമ പ്രചരണങ്ങൾക്കെതിരെ ജാഗ്രതയോടെ ഇരിക്കേണ്ട സമയമാണിതെന്നും ഓർമ്മിപ്പിക്കുന്നു.
സി പി ഐ എം ലും സ്ഥാനാർത്ഥി തർക്കമാണെന്ന് വരുത്തി തീർക്കാനുള്ള കൗശലപൂർവ്വമായ നീക്കങ്ങളാണ് വലതുപക്ഷ മാധ്യമങ്ങൾ നടത്തി കൊണ്ടിരിക്കുന്നത്.

സി പി ഐ എം സംസ്ഥാന കമ്മിറ്റിയും എൽ ഡി എഫ് സംസ്ഥാന കമ്മിറ്റിയുമാണ് പാർടിയുടെയും മുന്നണിയുടെയും സീറ്റും സ്ഥാനാർത്ഥികളെയും തീരുമാനിക്കുന്നത്.
ആ തീരുമാനങ്ങൾക്ക് വിധേയമായി കുറ്റ്യാടി മണ്ഡലത്തിൽ ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥിയെ വിജയിപ്പിക്കാനും 2016ൽ ഇടതു പക്ഷത്തിന് നഷ്ടപ്പെട്ടു പോയ മണ്ഡലം തിരിച്ചുപിടിക്കാനുമുള്ള ഊർജസ്വലമായ പ്രവർത്തനങ്ങൾ നടത്തുകയാണ് ഓരോ എൽ ഡി എഫ് പ്രവർത്തകൻ്റെയും അനുഭാവികളുടെയും കടമ…പിണറായി സർക്കാർ നടപ്പാക്കിയ വികസന പദ്ധതികൾക്കും ക്ഷേമപദ്ധതികൾക്കും തുടർച്ച ഉണ്ടാക്കാൻ എൽഡിഎഫ് സർക്കാറിന് ഭരണ തുടർച്ച ഉണ്ടായേ മതിയാവൂ എന്ന രാഷ്ടീയ ബോധ്യത്തോടെ, കുറ്റ്യാടി മണ്ഡലത്തിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ വിജയം സുനിശ്ചിതമാക്കാനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്ത് ഒറ്റക്കെട്ടായി മുന്നോട്ട് പോകാം….

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker