ന്യൂഡല്‍ഹി: രാജ്യത്തിന്റെ നിലവിലെ സാമ്പത്തികാവസ്ഥ അത്യന്തം ആശങ്കാജനകമാണെന്നും മോദി സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണ് ഇതിന് കാരണമായതെന്നും മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ്. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ഏറ്റവും മന്ദഗതിയിലായ കണക്കുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് വിമര്‍ശനവുമായി മന്മോഹന് സിംഗ് രംഗത്തെത്തിയിരിക്കുന്നത്. അവസാന പാദത്തിലെ ജിഡിപി വളര്‍ച്ചാനിരക്ക് അഞ്ച് ശതമാനം ആണ് എന്നത് സാമ്പത്തിക മാന്ദ്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്നും മന്മോഹന് സിംഗ് പറഞ്ഞു. മോദി സര്‍ക്കാര്‍ മിക്കവാറും മേഖലകളില്‍ സ്വീകരിച്ചിട്ടുള്ള തെറ്റായ നടപടികളാണ് സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണമായതെന്നും മന്മോഹന് സിംഗ് കൂട്ടിച്ചേര്‍ത്തു.
മനുഷ്യനിര്‍മിതമായ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയിലൂടെ രാജ്യത്തിന്റെ മുന്നോട്ടുപോക്ക് ദുഷ്കരമാണ്. ഇതിനാല്‍ സമ്പദ് വ്യവസ്ഥയെ പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ രാഷ്ട്രീയം മാറ്റിവച്ച് നടപടികള്‍ സ്വീകരിക്കണമെന്നും മന്മോഹന് സിംഗ് ആവശ്യപ്പെട്ടു.
നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യപാദം പിന്നിടുമ്പോള്‍ ജിഡിപി വളര്‍ച്ച അഞ്ചു ശതമാനമായതായാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അറിയിച്ചിരുന്നത്. തലേവര്‍ഷം ഇതേ കാലയളവിലെ എട്ടു ശതമാനം വളര്‍ച്ചയില്‍നിന്നാണ് ഈ ഇടിവ്. നിര്‍മാണ മേഖലയിലെ തളര്‍ച്ചയും കാര്‍ഷിക മേഖലയിലെ ഉത്പാദനം കുറഞ്ഞതും ആഭ്യന്തര മൊത്ത ഉത്പാദന നിരക്കിനെ പ്രതികൂലമായി ബാധിച്ചതായി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.