33.4 C
Kottayam
Sunday, May 5, 2024

ഉള്ളം കാലില്‍ ഊതി നിദ്രയുടെ ആഴം അളക്കും; മോഷണം നടത്തുന്ന വീട്ടില്‍നിന്ന് കുളിയും കഴിഞ്ഞ് ഭക്ഷണവും കഴിച്ചാണ് തിരികെ മടങ്ങാറ്; മോഷണ ജീവിതത്തിലെ രസകരമായ അനുഭവങ്ങള്‍ പങ്കുവെച്ച് മണിയന്‍പിള്ള

Must read

‘തസ്‌കരന്‍’ എന്ന പുസ്തകത്തിന് പിന്നാലെ മോഷണ ജീവിതത്തിലെ രസകരമായ അനുഭവങ്ങള്‍ പൊതുവേദിയില്‍ പങ്കുവച്ച് തസ്‌കരന്‍ മണിയന്‍പിള്ള. മോഷണത്തിന് കയറുന്ന വീടുകളില്‍ കിടന്നുറങ്ങുന്നവരുടെ ഉറക്കത്തിന്റെ ആഴം അളക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് മണിയന്‍പിള്ള വിശദീകരിച്ചത്. തിരുവനന്തപുരം കനകക്കുന്നില്‍ നടക്കുന്ന സ്പെയ്സ് ഫെസ്റ്റിവലില്‍ ‘ഭവനഭേദനത്തിന്റെ എന്‍ജിനീയറിംഗ്’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു മണിയന്‍പിള്ള. ആര്‍ക്കിടെക്ച്ചര്‍ പോള്‍ മഞ്ഞൂരാന്‍ മോഡറേറ്റര്‍ ആയിരുന്നു.

മോഷണം നടത്തുന്ന വീട്ടില്‍നിന്ന് കുളിയും കഴിഞ്ഞ് ഭക്ഷണവും കഴിച്ചാണ് തിരികെ പോകാറെന്ന് മണിയന്‍പിള്ള പറഞ്ഞു. ഷവറിനടിയില്‍നിന്ന് കുളിക്കുന്നത് ഇഷ്ടമാണ്. അത് മാത്രമല്ല, മോഷണം കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോള്‍ കുളിച്ച് കുട്ടപ്പനായി നടന്നാല്‍ പൊലീസ് ലുക്ക് നോക്കി പിടിച്ചോണ്ട് പോകില്ലെന്നും മണിയന്‍പിള്ള പറഞ്ഞു. മോഷണ മുതല്‍കൊണ്ട് നാല് പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ചയച്ച കഥയും മണിയന്‍പിള്ള പങ്കുവച്ചു.

അപകടകരമായ അവസ്ഥയില്‍ മാത്രമേ ആളുകളെ ഉപദ്രവിച്ചിരുന്നുള്ളൂ എന്ന് മണിയന്‍പിള്ള പറഞ്ഞു. കിടന്നുറങ്ങുന്ന ആളുകളുടെ ഉള്ളംകാലില്‍ ഊതി നിദ്രയുടെ ആഴം അളക്കാറുണ്ടായിരുന്നു. ഇത്തരത്തില്‍ നിദ്രയുടെ ആഴമളന്ന് മോഷണ സമയത്ത് ആളുകളെ എടുത്ത് മാറ്റി കിടത്തിയിട്ടുണ്ട്. മുറികളില്‍ ഉറങ്ങാതിരിക്കുന്നവരെ പുറത്തുനിന്ന് തന്നെ തനിക്ക് അറിയാന്‍ കഴിയാറുണ്ടെന്നും മണിയന്‍പിള്ള പറയുന്നു. അടുക്കളയില്‍ സാധാരണ കള്ളന്മാര്‍ കയറാറില്ല. അതിന് കാരണം നിരവധി പാത്രങ്ങളും മറ്റുമുള്ള അടുക്കളയില്‍ അറിയാതെ ശബ്ദമുണ്ടാവാനുള്ള സാധ്യത വലുതായത് കൊണ്ടാണെന്നും മണിയന്‍പിള്ള പറഞ്ഞു. പണവും സ്വര്‍ണവും സുരക്ഷിതമായിവയ്ക്കാന്‍ ഏറ്റവും നല്ലത് അടുക്കളയാണെന്നും അദ്ദേഹം പറഞ്ഞു. മണിയന്‍പിള്ളയുടെ തസ്‌കരന്‍ എന്ന ആത്മകഥ ഡിസി ബുക്സ് പ്രസിദ്ധീകരിച്ചിരുന്നു.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week