വയാനാട്: ഒന്നാം ക്ലാസിലെ കുരുന്നുകള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസെടുത്ത് വൈറലായ സായി ശ്വേത ടീച്ചര്‍ക്ക് പിന്നാലെ ഗോത്രഭാഷയില്‍ തങ്കുപൂച്ചയുടെയും മിട്ടുപൂച്ചയുടെയും കഥ പറഞ്ഞ് ക്ലാസെടുത്ത് വൈറലായി മറ്റൊരു ടീച്ചര്‍. ഗോത്രവിഭാഗത്തില്‍ നിന്നുള്ള ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ ക്ലാസ് എടുക്കുന്ന മഞ്ജു ടീച്ചറുടെ വീഡിയോയാണ് സമൂഹ്യമാധ്യമങ്ങളില്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്. വയനാട് പടിഞ്ഞാറത്തറ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലെ മെന്റര്‍ ടീച്ചറായ മഞ്ജു കെയാണ് ഓണ്‍ലൈനായി ഗോത്രഭാഷയില്‍ ക്ലാസ് എടുത്തത്.
രസകരമായ രീതിയിലുള്ള അവതരണശൈലിയാണ് മഞ്ജു ടീച്ചറുടെ ഓണ്‍ലൈന്‍ ക്ലാസിനെ വൈറലാക്കി മാറ്റിയിരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ നിരവധി പേരാണ് മഞ്ജുവിന്റെ ക്ലാസിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്. ഗോത്രവിഭാഗത്തില്‍ നിന്നുള്ള കുട്ടികള്‍ക്ക് അവരുടെ ഭാഷയില്‍ തന്നെ ക്ലാസുകള്‍ എടുത്തു നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് ഇത്തരം ക്ലാസുകള്‍ ആരംഭിച്ചിട്ടുള്ളത്.
നേരത്തേ ഒന്നാംക്ലാസിലെ കുട്ടികള്‍ക്കായി തങ്കുപൂച്ചയുടെയും മിട്ടുപൂച്ചയുടെയും കഥാരംഗങ്ങള്‍ ക്ലാസെടുത്ത സായി ശ്വേത ടീച്ചറും സമൂഹ്യമാധ്യമങ്ങളില്‍ താരമായിരുന്നു. സായി ശ്വേത ടീച്ചര്‍ ആകര്‍ഷകമായ രീതിയില്‍ ക്ലാസ് എടുക്കുന്നതിന്റെയും ക്ലാസ് കേട്ട് കുട്ടികള്‍ പ്രതികരിക്കുന്നതിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കൊവിഡ് 19 പശ്ചാത്തലത്തില്‍ അദ്ധ്യയന വര്‍ഷത്തില്‍ സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത്.