മഞ്ജുവിന്റെ കണ്ണ് നിറഞ്ഞു, എന്റെയും; വിവാഹത്തിന് മുമ്പേ മഞ്ജു സ്ട്രോങായൊരു തീരുമാനമെടുത്തു; മണിയൻ പിള്ള രാജു
കൊച്ചി:മലയാള സിനിമയിൽ ലേഡി സൂപ്പർ സ്റ്റാർ പദവി കിട്ടിയ ഏക നടിയാണ് മഞ്ജു വാര്യർ. മലയാളത്തിന് പുറമെ രണ്ടാം വരവിൽ തമിഴിലും സാന്നിധ്യമാവാൻ മഞ്ജുവിന് കഴിഞ്ഞു. അസുരൻ, തുനിവ് എന്നീ രണ്ട് തമിഴ് സിനിമകളും വൻ ഹിറ്റായി. വെറും മൂന്ന് വർഷം മാത്രം സിനിമകളിൽ അഭിനയിച്ച് പിന്നീട് സിനിമാ ലോകം വിട്ട മഞ്ജു വാര്യരുടെ തിരിച്ചു വരവ് ആരാധകർ ഏറെ കാത്തിരുന്നതാണ്.
അതിനാൽ തന്നെ ആ സ്നേഹവും മമതയും നടിയോട് പ്രേക്ഷകർ കാണിക്കുന്നു. 2016 ൽ ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെയാണ് മഞ്ജു തിരിച്ചെത്തിയത്. പിന്നീട് സിനിമാ ലോകത്തെ സജീവ സാന്നിധ്യമായി മഞ്ജു മാറി. മഞ്ജുവിനെ പോലെ മറ്റാെരു നടിയും മലയാളത്തിൽ ഇത്ര മാത്രം ആഘോഷിക്കപ്പെട്ടിട്ടില്ലെന്നാണ് സിനിമാ ലോകം പറയുന്നത്.
നടി തുടക്കകാലത്ത് ചെയ്ത് വെച്ച സിനിമകളാണ് ഇതിന് കാരണം. സമ്മർ ഇൻ ബത്ലഹേം, ആറാം തമ്പുരാൻ, പത്രം, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങിയ സിനിമകളിലെ മഞ്ജുവിന്റെ പ്രകടനം ഇന്നും ഐക്കണിക്കായി നിലനിൽക്കുന്നു. ഇപ്പോഴിതാ മഞ്ജുവിനെക്കുറിച്ച് സംസാരിച്ചിരിക്കുയാണ് നടനും നിർമാതാവുമായ മണിയൻ പിള്ള രാജു.
‘സിനിമയിലെ എന്റെ ഏറ്റവും നല്ല ബെസ്റ്റ് ഫ്രണ്ട് എനിക്ക് മഞ്ജു തന്നെയാണ്. കാരണം ചിലരെ നമ്മൾ ഭയങ്കരമായി ഇഷ്ടപ്പെടും. എന്റെ കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയിൽ മഞ്ജു അഭിനയിച്ചിട്ടുണ്ട്. പക്ഷെ അതിന് മുമ്പ് മഞ്ജുവിൻറെ സിനിമകൾ കണ്ടിട്ടുണ്ട്. ആറാം തമ്പുരാനിൽ അഭിനയിക്കുന്ന സമയത്ത് ക്യാമറയുടെ പിന്നിൽ വന്ന് നോക്കും. ആ മുഖത്ത് മിന്നി മായുന്ന എക്സ്പ്രഷൻ കാണാൻ. അതി ഗംഭീര ആർട്ടിസ്റ്റാണ്. അങ്ങനെയാെരു ആരാധനയാണ്’
‘ആരാധന ഒരു പ്രണയം പോലെയാണ്. അവരുടെ കഴിവിനെ ബഹുമാനിച്ച് കൊണ്ടുള്ളത്. അത് കഴിഞ്ഞാണ് കണ്ണെഴുതി പൊട്ടും തൊട്ടിന് ഞാൻ വിളിക്കുന്നത്. ആ സമയത്ത് അവർ രഹസ്യമായി വിവാഹം നടത്താനുള്ള പരിപാടിയായിരുന്നു. പക്ഷെ സ്ട്രോങ്ങായി പറഞ്ഞു രാജു ചേട്ടന്റെ ഈ പടം ചെയ്യാതെ അങ്ങനെ ഒരു പരിപാടിയില്ലെന്ന്’
‘അങ്ങനെ കണ്ണെഴുതി പൊട്ട് കഴിഞ്ഞ് അടുത്ത ദിവസമാണ് അവർ വിവാഹം കഴിച്ചത്. ആ പടത്തിൽ അവർക്ക് നാഷണൽ അവാർഡാണ്. അന്ന് തൊട്ടുള്ള ഫ്രണ്ട്ഷിപ്പാണ്. മഞ്ജു എറണാകുളത്ത് വന്നാൽ വിളിക്കും. ഞങ്ങൾ വൈകുന്നേരങ്ങളിൽ ഭക്ഷണം കഴിക്കാൻ എവിടെയെങ്കിലും പോവും’
‘മഞ്ജുവിന്റെ കാര്യത്തിൽ എവിടെ ചെന്നാലും ഒരു കെയറിംഗ് കൊടുക്കും. കാരണം സാധാരണ നടിമാർ 17 പേരോളമാണ് വരുന്നത്. ടച്ച് അപ്പ്, അത് ഇതൊന്നൊക്കെ പറഞ്ഞ്. മഞ്ജുവിന്റെ കൂടെ ആരും ഇല്ല. ഇനി ഏത് രാജ്യത്ത് ഷൂട്ടിംഗിന് വന്നാലും ഒരു അസിസ്റ്റന്റുമില്ല. ഒറ്റയ്ക്ക് നിന്ന് ജീവിച്ച് സ്ട്രോങായതാണ്. ഇടയ്ക്ക് ഏതെങ്കിലും പടത്തിൽ അഭിനയിക്കാൻ പോവുമ്പോൾ എന്നെ വിളിക്കും. ഇങ്ങനെയൊരു പടമുണ്ട് രാജു ചേട്ടാ പോവുകയാണ്, എല്ലാ അനുഗ്രഹവും വേണമെന്ന് പറയും’
‘അപ്പോൾ നമുക്ക് മനസ്സങ്ങ് നിറഞ്ഞ് കണ്ണ് നിറയും ചിലപ്പോൾ. പാവാട എന്ന സിനിമയിൽ അഭിനയിച്ചതിന് പൈസ കൊടുത്തിട്ട് വാങ്ങിച്ചില്ല. ആ വർഷം ഓണക്കോടി കൊണ്ടു കൊടുത്തപ്പോൾ കണ്ണ് നിറഞ്ഞു. എനിക്കാരും ഓണക്കോടി കൊണ്ടു തന്നിട്ടില്ലെന്ന്. എന്റെയും കണ്ണ് നിറഞ്ഞ് പോയി. ആറേഴ് വർഷമായി അവരെവിടെയുണ്ടെങ്കിലും ഓണക്കോടി കൊറിയർ അയച്ച് കൊടുക്കും,’ മണിയൻ പിള്ള രാജു പറഞ്ഞു.