മുന്നണി ഏതായാലും പാലായില്‍ തന്നെ മത്സരിക്കും; മാണി സി കാപ്പന്‍

ന്യൂഡല്‍ഹി: മുന്നണി ഏതായാലും പാലായില്‍ തന്നെ മത്സരിക്കുമെന്ന് മാണി. സി. കാപ്പന്‍ എംഎല്‍എ. മുന്നണി മാറ്റത്തെക്കുറിച്ച് അന്തിമ തീരുമാനം നാളെ പവാര്‍-പ്രഫുല്‍ പട്ടേല്‍ ചര്‍ച്ചയ്ക്ക് ശേഷം ഉണ്ടാകുമെന്നും മാണി. സി. കാപ്പന്‍ പറഞ്ഞു. ഡല്‍ഹിയില്‍ എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മാണി. സി. കാപ്പന്റെ പ്രതികരണം.

എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി. പി പീതാംബരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കൊപ്പമാണ് മാണി. സി. കാപ്പന്‍ ശരദ് പവാറിനെ കണ്ടത്. കൂടിക്കാഴ്ചയിലെ തീരുമാനം പരസ്യപ്പെടുത്താന്‍ നേതാക്കള്‍ തയ്യാറായില്ല. നാല് സീറ്റിന്റെ കാര്യത്തില്‍ വിട്ടു വീഴ്ചയില്ലെന്നും തീരുമാനം നാളെ വൈകിട്ടോടെ ഉണ്ടാകുമെന്നും ടി. പി പീതാംബരന്‍ പ്രതികരിച്ചിരുന്നു. അതിനിടെ എന്‍സിപി, എല്‍ഡിഎഫ് വിടുന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മന്ത്രി എ. കെ ശശീന്ദ്രന്‍ വ്യക്തമാക്കി. പ്രചരിക്കുന്നത് അഭ്യൂഹങ്ങളാണെന്നും മന്ത്രി പ്രതികരിച്ചു.

ജോസ് കെ മാണി എല്‍ഡിഎഫില്‍ എത്തിയതിന് പിന്നാലെ പാലാ സീറ്റിനെ ചൊല്ലി ഉണ്ടായ പ്രശ്നങ്ങളാണ് പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായത്. പാലാ സീറ്റ് വിട്ടു നല്‍കാന്‍ കഴിയില്ലെന്ന നിലപാടില്‍ മാണി. സി. കാപ്പന്‍ ഉറച്ചു നിന്നു. പാലാ സീറ്റ് നല്‍കാന്‍ കഴിയില്ലെന്ന നിലപാട് വ്യക്തമാക്കി ടി. പി പീതാംബരനും രംഗത്തെത്തി. വിഷയത്തില്‍ ദേശീയ അധ്യക്ഷന്‍ ശരദ് പവാറും ഇടപെട്ടു.

അതിനിടെ മാണി. സി. കാപ്പന്‍ യുഡിഎഫിലേയ്ക്ക് പോകുമെന്ന അഭ്യൂഹങ്ങളും ഉയര്‍ന്നു. പാലാ സീറ്റ് നല്‍കാന്‍ കഴിയില്ലെന്ന നിലപാട് എല്‍ഡിഎഫ് ഔദ്യോഗികമായി അറിയിച്ചതോടെ എന്‍സിപി നിലപാട് കടുപ്പിച്ചു. ഇതിന് തൊട്ടുപിന്നാലെ മാണി. സി. കാപ്പനെ യുഡിഎഫിലേയ്ക്ക് സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോണ്‍ഗ്രസിന്റെ ഭാഗമാകാന്‍ ക്ഷണിച്ച് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തെത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News