കൊല്ലം: സ്വര്‍ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ യുവാവ് മാലകള്‍ മോഷ്ടിച്ച ശേഷം ഓടി രക്ഷപ്പെട്ടു. ഓയൂര്‍ പടിഞ്ഞാറെ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ജ്വല്ലറിയില്‍ വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ജ്വല്ലറി ഉടമ ബാബുരാജനും സെയില്‍സ്മാന്‍ ജോബി യോഹന്നാനും ആയിരുന്നു ഈ സമയം കടയിലുണ്ടായിരുന്നത്.
രാത്രി 7 മണിയോടെ കടുംനീല നിറത്തിലുള്ള ഷര്‍ട്ടും കറുത്ത പാന്റ്‌സും കയ്യില്‍ നീല നിറത്തിലുള്ള ഗ്ലൗസും ധരിച്ച, മെലിഞ്ഞു നീളമുള്ള ഏകദേശം 35 വയസ്സ് തോന്നുന്നിക്കുന്നയാള്‍ എത്തിയത്. ഒന്നര പവന്‍ തൂക്കം വരുന്ന സ്വര്‍ണമാല വേണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടതിനാല്‍ ഉടമ കുറെ മാലകള്‍ പുറത്തെ റാക്കില്‍ ഇട്ടു. മാല പരിശോധിച്ച യുവാവ് ഇതില്‍ നിന്ന് 3 മാലകള്‍ തിരഞ്ഞെടുത്തു.
സഹോദരന്‍ അടുത്ത പമ്പില്‍ വാഹനത്തിന് പെട്രോള്‍ അടിക്കാന്‍ പോയതാണെന്നും അയാളുടെ പക്കലാണ് പണമെന്നും സഹോദരന്‍ ഉടന്‍ എത്തുമെന്നും പറഞ്ഞ് ജ്വല്ലറിയില്‍ തന്നെ ഇരുന്നു. കുറച്ചു സമയം കഴിഞ്ഞു പുറത്തിറങ്ങി നോക്കിയിട്ട് മടങ്ങിയെത്തി 3 മാലകളും തട്ടിയെടുത്ത് ഇറങ്ങി ഓടുകയായിരുന്നു. സെയില്‍സ്മാന്‍ ഇയാളുടെ പുറകെ ഓടിയെങ്കിലും അപ്പോഴേക്കും ഇയാള്‍ സ്ഥലം വിട്ടിരുന്നു.
36 ഗ്രാം തൂക്കമുള്ള 3 മാലകള്‍ക്കും കൂടി 1,65,600 രൂപ വിലവരുമെന്ന ഉടമ അറിയിച്ചു.ഒരുമാസത്തിലധികമായി ജ്വല്ലറിയിലെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ യുവാവിനെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല പൂയപ്പള്ളി പൊലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.