പ്രണയിച്ച രണ്ടു യുവതികളേയും ഒരേ പന്തലില്‍ വെച്ച് താലികെട്ടി യുവാവ്!

ബസ്തര്‍: പ്രണയിച്ച് വഞ്ചിച്ചെന്ന സ്ത്രീ-പുരുഷ ഭേദമന്യെയുള്ള പരാതികള്‍ക്കിടയില്‍ വ്യത്യസ്തനായി ഒരു കാമുകന്‍. പ്രണയിച്ച രണ്ട് സ്ത്രീകളേയും വിവാഹം കഴിച്ച് ബസ്തര്‍ ജില്ലയിലെ ചന്ദു മൗര്യയെന്ന യുവാവ് മാതൃകയായത്. ഛത്തീസ്ഗഡിലെ ഈ ഇരുപത്തിനാലുകാരന്‍ ഒരേ വേദിയില്‍ വെച്ച് തന്റെ രണ്ട് പ്രണയിനികള്‍ക്കും താലി ചാര്‍ത്തുകയായിരുന്നു. ജനുവരി അഞ്ചിനായിരുന്നു ചന്ദുവിന്റെയും ഹസീനയുടെയും സുന്ദരിയുടെയും വിവാഹം.

രണ്ടു പേര്‍ക്കും തന്നോട് ഇഷ്ടമാണെന്നും പരസ്പരസഹകരണത്തോടെ തനിക്കൊപ്പം ജീവിക്കാമെന്നും ഇരുവരും ധാരണയിലെത്തിയെന്നും ഇക്കാര്യം തന്നെ അറിയിക്കുകയായിരുന്നുവെന്നും ചന്ദു പറയുന്നു. അഞ്ഞൂറ് പേരോളം പങ്കെടുത്ത ചടങ്ങില്‍ വെച്ചായിരുന്നു ഈ വിവാഹം.

കര്‍ഷകനത്തൊഴിലാളി ആണെങ്കിലും മറ്റ് ജോലികളും ചന്ദു ചെയ്യാറുണ്ട്. ഇത്തരത്തില്‍, വൈദ്യുതിത്തൂണുകള്‍ സ്ഥാപിക്കാന്‍ തോകാപാല്‍ പ്രദേശത്ത് എത്തിയതിനിടെയാണ് സുന്ദരി കശ്യപ് എന്ന യുവതിയുമായി ചന്ദു പ്രണയത്തിലായത്. വിവാഹം കഴിക്കാമെന്ന തീരുമാനമെടുത്തതിന് ശേഷമാണ് ഹസീന ഭാഗേല്‍ എന്ന യുവതിയെ ചന്ദു കണ്ടുമുട്ടിയത്. ഒരു വിവാഹച്ചടങ്ങിനിടെയായിരുന്നു ഇവര്‍ പരിചയപ്പെട്ടത്. തനിക്ക് കാമുകിയുണ്ടെന്നും വിവാഹത്തിനൊരുങ്ങുകയാണെന്നും ഹസീനയെ അറിയിച്ചെങ്കിലും പിന്‍മാറാന്‍ അവള്‍ ഒരുക്കമല്ലായിരുന്നു. പിന്നീട് ഇക്കാര്യമറിഞ്ഞതോടെ സുന്ദരിയും ഹസീനയെ ചന്ദു ഭാര്യയായി സ്വീകരിക്കുന്നതില്‍ എതിര്‍പ്പില്ലെന്നറിയിക്കുകയും ചെയ്യുകയായിരുന്നു.

തുടര്‍ന്ന് 21 കാരിയായ സുന്ദരിയേയും 20 കാരിയായ ഹസീനയേയും ഒന്നിച്ച് വിവാഹം കഴിക്കാന്‍ ചന്ദു തീരുമാനിച്ചു. ചന്ദുവിന്റെ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പമാണ് ഇപ്പോള്‍ മൂവരും താമസിക്കുന്നത്. അതേസമയം, ഹസീനയുടെ ബന്ധുക്കള്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയെങ്കിലും സുന്ദരിയുടെ വീട്ടുകാര്‍ ചടങ്ങില്‍ പങ്കെടുത്തില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News