ഓച്ചിറ: സാമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതി വിളിച്ചതനുസരിച്ചു ഓച്ചിറയിലെ ലോഡ്ജിലെത്തിയ മാവേലിക്കര സ്വദേശിയായ യുവാവിന് നഷ്ടമായത് മൂന്നുപവന്‍ വരുന്ന മാലയും ഐഫോണും. മാവേലിക്കര സ്വദേശി വിഷ്ണു(31)വാണ് ഇതുസംബന്ധിച്ചു ഓച്ചിറ പോലീസില്‍ പരാതി നല്‍കിയത്. തട്ടിപ്പിനുപിന്നില്‍ കന്യാകുമാരി സ്വദേശികളായ യുവതിയും യുവാവുമാണെന്ന് പോലീസ് പറഞ്ഞു.
മൂന്നുമാസം മുമ്പ് കുവൈത്തില്‍നിന്നു നാട്ടിലെത്തിയ വിഷ്ണു സമൂഹമാധ്യമത്തില്‍ വന്ന പരസ്യംവഴിയാണ് ഇവരെ ബന്ധപ്പെട്ടതെന്നും വിദേശത്തേക്ക് തിരികെ പോകാന്‍ 60,000 രൂപയ്ക്ക് ക്വാറന്റീന്‍ സൗകര്യത്തോടെ ടിക്കറ്റ് വാഗ്ദാനം ചെയ്തതായും വിഷ്ണു നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ഇവര്‍ പറഞ്ഞതനുസരിച്ച് ശനിയാഴ്ച രാവിലെ 11 മണിയോടെ ഓച്ചിറയിലെ ലോഡ്ജിലെത്തിയപ്പോള്‍ യുവതി ലഹരി കലര്‍ത്തിയ പാനീയം നല്‍കിയെന്നും അബോധാവസ്ഥയിലായതോടെ കവര്‍ച്ച നടത്തിയെന്നുമാണ് വിഷ്ണു പോലീസിനോടു പറഞ്ഞത്.
കവര്‍ച്ചയ്ക്കുശേഷം സംഘം കടന്നതായും ഇവര്‍ മുമ്പും ലോഡ്ജില്‍ താമസിച്ചിട്ടുണ്ടെന്നും പോലീസ് കണ്ടെത്തി. കവര്‍ച്ചസംഘത്തിലെ യുവാവും ഒപ്പമുണ്ടായിരുന്ന കുട്ടിയും സമീപത്തെ സി.സി.ടി.വി.യിലെ ദൃശ്യത്തില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കൂടുതല്‍ അന്വേഷണത്തിനുശേഷമേ സത്യാവസ്ഥ അറിയാനാകു എന്നും പോലീസ് പറഞ്ഞു.