എം.എം മണി മികച്ച മന്ത്രി; അഞ്ച് വര്‍ഷം മുന്‍പത്തെ അഭിപ്രായം തിരുത്തി വെള്ളാപ്പള്ളി

നെടുങ്കണ്ടം: മന്ത്രി എം.എം മണിയെ പുകഴ്ത്തി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എം എം മണി മികച്ച മന്ത്രി എന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. താന്‍ മത്സരിച്ചപ്പോഴും മന്ത്രിയായപ്പോഴും കളിയാക്കിയവര്‍ ഇപ്പോള്‍ തിരുത്തി പറയാന്‍ നിര്‍ബന്ധിതരായെന്ന് മന്ത്രി എം.എം മണി പ്രതികരിച്ചു. കഴിഞ്ഞ നിയമ സഭ തെരെഞ്ഞെടുപ്പിലാണ് എം എം മണിക്കെതിരെ വെള്ളാപ്പള്ളി വിവാദ പ്രസംഗം നടത്തിയത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് രാജാക്കാട്ടില്‍ നടന്ന യോഗത്തിലാണ് വെള്ളാപ്പള്ളി നടേശന്‍ വിവാദ പ്രസംഗം നടത്തിയത്. ഉടുമ്പന്‍ചോലയിലെ ഇടത് സ്ഥാനാര്‍ത്ഥിയായിരുന്ന എം.എം മണി കരിങ്കുരങ്ങെന്നായിരുന്നു വെള്ളാപ്പള്ളി വിശേഷിപ്പിച്ചത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം നെടുങ്കണ്ടം എസ്എന്‍ഡിപി യൂണിയന്‍ മന്ദിരത്തിന്റെ ഉത്ഘാടനത്തോടനുബന്ധിച്ച് ഒരേ വേദി പങ്കിട്ടപ്പോള്‍ വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായങ്ങള്‍ മാറി. മികച്ച മന്ത്രിയും പക്ഷാപാതമില്ലാതെ വികസനം നടത്തുന്ന ആളുമാണ് മന്ത്രി എം.എം മണിയെന്നാണ് വെള്ളാപ്പള്ളി തിരുത്തി.

ഇനിയും പൊതു പ്രവര്‍ത്തന രംഗത്ത് ശോഭിയ്ക്കാന്‍ മണിയാശാന് കഴിയെട്ടെയെന്ന് ആശംസകളും ഏകി. താന്‍ മത്സരിച്ചപ്പോള്‍ പലരും കളിയാക്കി. വിജയിച്ചപ്പോഴും മന്ത്രി ആയപ്പോഴും തന്നെ കൊണ്ട് എന്ത് സാധിക്കുമെന്ന് ആശങ്കപ്പെട്ടു. ഇവരുടെയെല്ലാം അഭിപ്രായം തിരുത്തി പറയിക്കാന്‍ തനിക്ക് സാധിച്ചെന്ന് മന്ത്രി എം.എം മണി പറഞ്ഞു.

വെള്ളാപ്പള്ളി നടേശന്റെ പ്രവര്‍ത്തനങ്ങള്‍ എസ്എന്‍ഡിപി പ്രസ്ഥാനത്തിന് കരുത്താണെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായി ഉടുമ്പന്‍ചോലയില്‍ മത്സരിച്ച സജി പറമ്പത്ത് അധ്യക്ഷത വഹിച്ച യോഗത്തിലായിരുന്നു വെള്ളാപ്പള്ളി തന്റെ പഴയ അഭിപ്രായങ്ങള്‍ തിരുത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News