മദ്യം വാങ്ങിയ പണത്തെ ചൊല്ലി തര്‍ക്കം; മധ്യവയസ്‌കനെ ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി

കല്‍പ്പറ്റ: മദ്യം വാങ്ങിയ പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ മധ്യവയസ്‌കനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. വയനാട് മക്കിയാട് ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. എടത്തറ കോളനിയില്‍ താമസിക്കുന്ന വെള്ളനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മക്കിയാട് ഞാറലോട് സ്വദേശി തടത്തില്‍ കൊച്ച് എന്ന വര്‍ഗീസ് (52)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

മദ്യം വാങ്ങിയ പണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് വാക്കേറ്റത്തിലേക്ക് നയിച്ചത്. എടത്തറ കോളനിയിലെ വെള്ളന്റെ വീട്ടില്‍ വെച്ചായിരുന്നു വാക്ക് തര്‍ക്കം. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന ചുറ്റിക വെച്ച് വര്‍ഗ്ഗീസ് വെള്ളന്റെ തലയ്ക്കടിക്കുകയായിരുന്നു.

കണ്ണിന് സമീപം അടിയേറ്റ് വെള്ളന് ഗുരുതര പരിക്കേറ്റു. ബോധരഹിതനായതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു.

പ്രതിക്കെതിരെ കൊലപാതകത്തിനും, പട്ടിക ജാതി പട്ടിക- വര്‍ഗ അതിക്രമ നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്. വൈകീട്ട് പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. മാനന്തവാടി ഡിവൈഎസ്പി എപി ചന്ദ്രന്‍, വെള്ളമുണ്ട സിഐ എന്‍എ സന്തോഷ്, തൊണ്ടര്‍നാട് എസ്‌ഐ എയു ജയപ്രകാശ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News