ദീപാവലി ആഘോഷത്തിന് സുഹൃത്തിന്റെ വീട്ടിലെത്തിയ വ്യക്തി മരിച്ച നിലയില്‍; കഴുത്തില്‍ മുറിവേറ്റ പാടുകള്‍
കുമളി: ദീപാവലി ആഘോഷത്തിന് സുഹൃത്തിന്റെ വീട്ടിലെത്തിയ വ്യക്തിയെ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ട് ദിവസം മാത്രം മുന്‍പ് പരിചയപ്പെട്ടയാളുടെ വീട്ടില്‍ എത്തിയ അമരാവതി പറങ്കിമാമൂട്ടില്‍ സജീവന്‍(55) ആണ് മരിച്ചത്. ഇയാളുടെ കഴുത്തില്‍ മുറിപ്പാടുകളുണ്ട്.
കൊലപാതകം ആണെന്ന സംശയത്തില്‍ മരണം നടന്ന വീട്ടിലെ ദമ്പതികളെ പോലീസ് നിരീക്ഷിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതിന് ശേഷമെ മരണകാരം അറിയാനാവുകയുള്ളെന്ന് പോലീസ് പറഞ്ഞു. തമിഴ്‌നാട് സ്വദേശിയായ ബാലകൃഷ്ണനെ രണ്ട് ദിവസം മുന്‍പാണ് സജീവന്‍ പരിചയപ്പെടുന്നത്. ചക്കപ്പള്ളത്ത് ഏലത്തോട്ടത്തില്‍ പണിക്കെത്തിയതായിരുന്നു സജീവന്‍.
ദീപാവലി ആഘോഷത്തിനായി സജീവനെ ബാലകൃഷ്ണന്‍ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. എന്നാല്‍ ശനിയാഴ്ച പുലര്‍ച്ചയോടെ സജീവന്‍ എഴുന്നേല്‍ക്കുന്നില്ലെന്നും, ഹൃദയാഘാതം ഉണ്ടായോ എന്ന് സംശയിക്കുന്നതായും പറഞ്ഞ് ബാലകൃഷ്ണന്‍ അയല്‍വാസികളുടെ അടുത്തെത്തി. സംശയം തോന്നിയ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കഴുത്തില്‍ മുറിപ്പാട് കണ്ടതോടെയാണ് കൊലപാതകമായിരിക്കാം എന്ന സംശയം ഉടലെടുത്തത്. ഡോഗ് സ്‌ക്വാഡും വിരല്‍ അടയാള വിദഗ്ധരും സ്ഥലത്തെത്തി.