കിടപ്പറയില്‍ കോണ്ടം ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട യുവതിയെ യുവാവ് കഴുത്തറുത്ത് കൊന്നു!
ബംഗളൂരു: കിടപ്പറയില്‍ ഗര്‍ഭനിരോധന ഉറ ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട യുവതിയെ യുവാവ് കഴുത്തറുത്തുകൊലപ്പെടുത്തി. ബംഗളൂരു രാജാജി നഗറിലാണ് അതിദാരുണ സംഭവം അരങ്ങേറിയത്. സുരക്ഷിതമായ ലൈംഗിക ബന്ധം ആവശ്യപ്പെട്ടതിന്റെ പേരിലാണ് ലൈംഗിക തൊഴിലാളിയായ യുവതിയെ യുവാവ് മൃഗീയമായി കൊലപ്പെടുത്തിയത്.
പ്രതിയായ മുകുന്ദയെ കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. ബംഗളൂരു ഇലക്ട്രോണിക് സിറ്റിക്ക് സമീപമാണ് ഇയാള്‍ താമസിക്കുന്നത്. രാജാജി നഗറില്‍ മകനൊപ്പമായിരുന്നു യുവതിയുടെ താമസം.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:
ഇക്കഴിഞ്ഞ ജനുവരി 11ന് ഉച്ചയോടെയാണ് സ്ത്രീ മെജസ്റ്റിക്കിലെ ബസ് സ്റ്റോപ്പില്‍ വച്ച് മുകുന്ദയെ സമീപിക്കുന്നത്. 2500 രൂപയ്ക്ക് ലൈംഗിക ബന്ധത്തിനു തയാറാണെന്ന് യുവതി ഇയാളോടു പറഞ്ഞു. എന്നാല്‍ 1500 രൂപയ്ക്കു കരാര്‍ ഉറപ്പിച്ചു. 500 രൂപ സ്ത്രീക്ക് ഇയാള്‍ അഡ്വാന്‍സ് നല്‍കി. അതിനു ശേഷം ഇരുവരും രാജാജി നഗറിലേക്കുള്ള ബസില്‍ കയറി. രാജാജി നഗറില്‍ ബസ് ഇറങ്ങിയ ഇരുവരും ഒരു ഓട്ടോ വിളിച്ച് ഇവരുടെ വീട്ടിലേക്ക് പോകുകയായിരുന്നു. വീട്ടിലെത്തിയ ശേഷം ഇയാള്‍ ബാക്കി 1000 രൂപയും സ്ത്രീക്കു നല്‍കി.
എന്നാല്‍ വീട്ടിലെത്തിയ സ്ത്രീ മുകുന്ദയോട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനു മുന്‍പ് കോണ്ടം ധരിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ മുകുന്ദ ഇതിനു തയാറായില്ല. മാത്രമല്ല, പണം തിരികെ നല്‍കാനും ആവശ്യപ്പെട്ടു. എന്നാല്‍ യുവതി പണം തിരികെ നല്‍കാന്‍ തയാറായില്ല. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി.
ഇതോടെ പണം നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്ന് ഇയാള്‍ സ്ത്രീയെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പണം നല്‍കാന്‍ തയാറാകാതിരുന്ന സ്ത്രീയുടെ അടിവയറ്റില്‍ ഇയാള്‍ ചവിട്ടി. അലറിക്കരഞ്ഞ സ്ത്രീയെ ഇയാള്‍ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലയ്ക്ക് ശേഷം സ്ത്രീയുടെ മാലയും രണ്ടു മൊബൈല്‍ഫോണുകളും എടുത്ത് ഇയാള്‍ സ്ഥലം വിട്ടു.
വൈകിട്ട് 3.45മണിയോടെ സ്‌കൂളില്‍ നിന്നും എത്തിയ മകനാണ് അമ്മ മരിച്ചു കിടക്കുന്നതു കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സ്ത്രീയുടെ മൊബൈല്‍ ഫോണും സമീപത്തെ സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണു പ്രതിയെ പിടികൂടാനായത്.