കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ വീണ്ടും യുവാവിനെ തട്ടിക്കൊണ്ട് പോയി. മുത്താമ്പി തോണിയാടത്ത് ഹനീഫയെയാണ് തട്ടിക്കൊണ്ട് പോയത്. കഴിഞ്ഞ ദിവസം രാത്രി വീട്ടിലെത്തിയ അഞ്ചംഗ സംഘമാണ് ഹനീഫയെ തട്ടിക്കൊണ്ട് പോയതെന്നാണ് വീട്ടുകാര്‍ പറയുന്നത്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന. എവിടെയാണ് ഇയാളെന്ന് സൂചന നല്കുന്ന ഒരു ഫോണ്‍കോളോ മറ്റ് സന്ദേശങ്ങളോ ഒന്നും വീട്ടുകാര്‍ക്ക് ഇതുവരെ കിട്ടിയിട്ടില്ല.
നേരത്തേ കൊയിലാണ്ടി ഊരള്ളൂര്‍ സ്വദേശിയായിരുന്ന അഷ്റഫ് എന്നയാളെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെത്തുടര്‍ന്ന് തട്ടിക്കൊണ്ട് പോയിരുന്നു. തുടര്‍ന്ന് കുന്ദമംഗലത്ത് തടിമില്ലിന് സമീപത്തു നിന്നാണ് ഇയാളെ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയവര്‍ അവിടെ ഇറക്കിവിട്ടുവെന്നാണ് അഷ്റഫ് പറയുന്നത്.
മാവൂരിലേക്കാണ് തട്ടിക്കൊണ്ടുപോയവര്‍ അഷ്റഫിനെ ആദ്യം എത്തിച്ചത്. അവിടുത്തെ തടിമില്ലില്‍ വച്ച് ക്രൂരമായി മര്‍ദിച്ചതെന്നും അഷ്റഫ് പറഞ്ഞു. അതേസമയം, കൊടുവള്ളി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കടത്ത് സംഘമാണ് അഷ്റഫിനെ തട്ടിക്കൊണ്ടുപോയതെന്നാണ് സൂചന.