എറണാകുളം: മകനെ ആക്രമിക്കുന്നത് തടയാനെത്തിയ പിതാവ് രണ്ടംഗസംഘത്തിന്റെ മർദ്ദനമേറ്റ് മരിച്ചു. പറവൂർ കൈപ്പടി സ്വദേശി വിമൽ കുമാർ(54) ആണ് മരിച്ചത്. ആലങ്ങോട് കൈപ്പടി ക്ഷേത്രത്തിന് സമീപം ശനിയാഴ്ച വൈകിട്ട് ആണ് സംഭവം. ആക്രമത്തിൽ അടിയേറ്റ് കുഴഞ്ഞുവീണ വിമൽ കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ശനിയാഴ്ച മരിച്ച വിമൽ കുമാറിന്റെ വീടിന് സമീപം ഒരു ബൈക്ക് അപകടത്തിൽപ്പെട്ടിരുന്നു. ഈ സമയത്ത് ഇയാളുടെ മകനും സുഹൃത്തും ചേർന്നാണ് അപകടത്തിൽപ്പെട്ടവരെ സഹായിച്ചിരുന്നത്. ഇവരെ ബൈക്കിൽ കയറ്റിവിടുകയും ചെയ്തു. ബൈക്കിൽ പോയ സംഘം പിന്നീട് തിരിച്ചുവരുകയും വിമൽ കുമാറിന്റെ മകനേയും സുഹൃത്തിനേയും മർദ്ദിക്കുകയുമായിരുന്നു. ആക്രമണം തടയാനെത്തിയ വിമൽ കുമാറിനും മര്‍ദ്ദനമേറ്റു.
മർദ്ദനത്തിനിടെ അടിയേറ്റ വിമൽ കുമാർ കുഴഞ്ഞു വീഴുകയായിരുന്നു. സംഭവത്തെ തുടർന്ന് ബൈക്കിലെത്തിയവരെ തിരിച്ചറിയാൻ ആലങ്ങോട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ ലഹരിസംഘമാണന്ന ആരോപണവുമായി നാട്ടുകാര്‍ രംഗത്തെത്തി. പ്രദേശത്ത് ലഹരിസംഘങ്ങൾ സജീവമാണെന്നാണ് നാട്ടുകാരുടെ ആരോപണം. യാതൊരു കാരണവുമില്ലാതെയാണ് വിമൽ കുമാറിനും മകനുമെതിരെ ആക്രമിച്ചതെന്നും നാട്ടുകാർ പറഞ്ഞു.