രോഗിയായ മകന് മെഡിക്കല്‍ ബാഗ് വാങ്ങി മടങ്ങുന്നതിനിടെ പിതാവിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം

കോട്ടയം: രോഗിയായ മകന് മെഡിക്കല്‍ ബാഗ് വാങ്ങി ബൈക്കില്‍ മടങ്ങുന്നതിനിടെ പിതാവ് അപകടത്തില്‍ മരിച്ചു. തൊടുപുഴ അഞ്ചിരി അള്ളുങ്കല്‍ എബ്രഹാം (വക്കച്ചന്‍-54) ആണ് പാലാ കിഴതടിയൂര്‍ ബൈപാസിലെ റൗണ്ടാനയ്ക്ക് സമീപം വ്യാഴാഴ്ച ഉച്ചയോടെ ഉണ്ടായ അപകടത്തില്‍ മരിച്ചത്.

കാരിത്താസ് ആശുപത്രിയില്‍ പോയ ശേഷം തൊടുപുഴയ്ക്ക് മടങ്ങുകയായിരുന്നു എബ്രഹാം. പാലാ കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്ക്ക് സമീപം കിഴതടിയൂര്‍ ബൈപാസിലെ റൗണ്ടാന തിരിയുന്നതിനിടെ ബൈക്ക് തൊടുപുഴ ഭാഗത്ത് നിന്നെത്തിയ ലോറിക്ക് അടിയില്‍പ്പെടുകയായിരുന്നു. കുടുങ്ങിയ ബൈക്കുമായി അല്‍പദൂരം മുന്നോട്ടുപോയ ശേഷമാണ് ലോറി നിന്നത്.

ഗുരുതരമായി പരുക്കേറ്റ എബ്രഹാമിനെ നാട്ടുകാരും പോലീസും ചേര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിയും രാത്രി മരിച്ചു. എബ്രഹാമിന്റെ മകന്‍ ജോജി ഗുരുതര രോഗം ബാധിച്ചു ചികിത്സയിലാണ്. കൂലിപ്പണിയെടുത്താണ് മകന്റെ ചികിത്സയും വീട്ടുചെലവുകളും ഇദ്ദേഹം നടത്തിയിരുന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സംസ്‌കരിച്ചു. ഭാര്യ: റോസിലി. മക്കള്‍: ജോയ്സി, ജോജി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News