KeralaNews

ഓണ്‍ലൈന്‍ റമ്മി കളിച്ച് 21 ലക്ഷം രൂപ നഷ്ടപ്പെട്ടു; തിരുവനന്തപുരത്ത് യുവാവ് തൂങ്ങി മരിച്ചു

തിരുവനന്തപുരം: ഓണ്‍ലൈന്‍ റമ്മി കളിച്ച് 21 ലക്ഷം രൂപ നഷ്ടമായ യുവാവ് തൂങ്ങി മരിച്ചു. കുറ്റിച്ചല്‍ സ്വദേശി വിനീതാണ് (28) വീടിന് സമീപത്തെ പറമ്പിലെ മരത്തില്‍ തൂങ്ങിമരിച്ചത്. ഐഎസ്ആര്‍ഒയിലെ കരാര്‍ ജീവനക്കാരനായിരുന്നു വിനീത്.

പല തവണയായി 21 ലക്ഷം രൂപയാണ് വിനീതിന് ഓണ്‍ലൈന്‍ റമ്മി കളിയിലൂടെ നഷ്ടമായത്. പല സ്വകാര്യ ലോണ്‍ കമ്പനികളില്‍ നിന്ന് അടക്കം കടമെടുത്താണ് വിനീത് ഓണ്‍ലൈനായി റമ്മി കളിച്ചത്. എന്നാല്‍ ഇതില്‍ പല കളികളിലും ഉള്ള പണം പോയതോടെ ലക്ഷക്കണക്കിന് രൂപയുടെ കടക്കാരനായി വിനീത് മാറി.

ലോക്ക്ഡൗണ്‍ കാലത്താണ് വിനീത് ഏറ്റവും കൂടുതല്‍ റമ്മി കളിച്ചിരുന്നത്. 21 ലക്ഷത്തോളം കടം വന്ന ശേഷമാണ് വിനീത് ഇക്കാര്യം വീട്ടുകാരെ അറിയിക്കുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ ഇടപെട്ട് കുറച്ച് പണം അടയ്ക്കുകയും ചെയ്തു. നില്‍ക്കക്കള്ളിയില്ലാതെ വന്നതോടെ ഒരു മാസം മുമ്പ് വിനീത് വീട് വിട്ട് ഒളിച്ചോടിപ്പോയിരുന്നു.

അന്ന് പോലീസാണ് വിനീതിനെ കണ്ടെത്തി തിരികെ വീട്ടിലേക്ക് കൊണ്ടുവന്നത്. തിരികെ വന്ന ശേഷം വിനീത് വിഷാദത്തിന് അടിമയായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. ഒരു വര്‍ഷമായി ഓണ്‍ലൈന്‍ റമ്മി കളിയുടെ അടിമയായിരുന്നു വിനീത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button