കോഴിക്കോട്: ഹെല്‍മറ്റ് ധരിക്കാത്തതിന് യുവാവിനെ പോലീസ് മര്‍ദിച്ചതായി പരാതി. വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നാദാപുരം കല്ലാച്ചിയില്‍വച്ച് പോലീസ് മര്‍ദിച്ചെന്നാണ് പരാതി.
അമ്മയ്ക്ക് മരുന്നുവാങ്ങാന്‍ പോയ ചേലക്കാട് സ്വദേശി മലയില്‍ രജിലേഷിനാണ് മര്‍ദനമേറ്റത്. ഇയാളുടെ ഇടത് കരണത്ത് പോലീസ് ഉദ്യോഗസ്ഥന്‍ അടിച്ചതോടെ രക്തം വന്നു. ഇതിന് മുന്‍പ് സര്‍ജറി നടന്ന ചെവിയായതിനാല്‍ രജിലേഷ് ആവശ്യപ്പെട്ട പ്രകാരം പോലീസുകാര്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോയി പ്രാഥമിക ചികിത്സ നല്‍കി.
കൈവശം പണമില്ലെന്നും അഞ്ഞൂറ് രൂപ പിഴ പിന്നീട് കൊണ്ടുവന്ന് അടയ്ക്കാമെന്ന് അറിയിച്ചെങ്കിലും പോലീസ് ബലം പ്രയോഗിച്ച് വാഹനത്തില്‍ കയറ്റുകയായിരുന്നുവെന്ന് രജിലേഷ് പറയുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ചതോടെ വടകര റൂറല്‍ എസ്പി സ്പെഷ്യല്‍ ബ്രാഞ്ചിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് രജിലേഷ്.