ഓണ്‍ലൈന്‍ വഴി ചാറ്റ് ചെയ്ത യുവതിയുമൊത്തുള്ള നഗ്നദൃശ്യങ്ങള്‍ കൈയ്യിലുണ്ടെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

കാസര്‍ഗോഡ്: നഗ്‌നഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റിലായി. ഉളിയത്തടുക്ക നാഷനല്‍ നഗറിലെ നൗഫലിനെയാണ് വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇരുപത്തഞ്ചു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ നഗ്‌നചിത്രം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെനന്നായിരുന്നു ഭീഷണി. അണങ്കൂര്‍ സ്വദേശിയായ ഒരു യുവാവ് ഓണ്‍ലൈന്‍ വഴി ചാറ്റിങ് നടത്തി എന്ന് പറയപ്പെടുന്ന യുവതിയുമൊത്തുള്ള നഗ്‌നദൃശ്യങ്ങള്‍ തന്റെ കയ്യില്‍ ഉണ്ടെന്ന് പറഞ്ഞാണ് നൗഫല്‍ പണം ആവശ്യപ്പെട്ടത്.

ദൃശ്യങ്ങള്‍ പുറത്തു വിടാതെ ഇരിക്കണമെങ്കില്‍ 25ലക്ഷം രൂപ നല്‍കണമെന്നായിരുന്നു പ്രതിയുടെ ആവശ്യം. ഇത്രയും തുക നല്‍കാനില്ലെന്ന് അറിയിച്ചിട്ടും നൗഫല്‍ ഭീഷണി തുടരുകയായിരുന്നു. ഒടുവില്‍ പത്തുലക്ഷം രൂപ നല്‍കുകയാണെങ്കില്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാം എന്ന് പറയുകയും ചെയ്തു. തുടര്‍ന്ന് പരാതിക്കാരന്‍ നൗഫല്‍ പറഞ്ഞ സ്ഥലത്ത് വരുകയും അന്‍പതിനായിരം രൂപ കൈമാറുകയും ചെയ്തു. ഈ തുക പോരെന്നും ബാക്കി പണം ഉടന്‍ കൈമാറണമെന്നും പ്രതി ആവശ്യപ്പെടുകയായിരുന്നു.

ഇതോടെയാണ് യുവാവ് പോലീസിനെ സമീപിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന്, പോലീസ് പറഞ്ഞതു പ്രകാരം നൗഫലിനെ യുവാവ് ബന്ധപ്പെട്ടു. ബാക്കി തുക ശരിയായിട്ടുണ്ടെന്നും വന്നാല്‍ തരാമെന്നു അറിയിച്ചു. തന്ത്രപൂര്‍വം വിളിച്ചു വരുത്തിയ നൗഫലിനെ പോലീസ് കയ്യോടെ പിടികൂടുകയായിരുന്നു. പ്രതിയുടെ മൊബൈല്‍ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചു. പ്രതി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News