കെ.എസ്.ആര്‍.ടി.സി ബസിനുള്ളില്‍ വച്ച് വനിത കണ്ടക്ടര്‍ക്ക് നേരെ ലൈംഗിക അതിക്രമം; യുവാവ് പിടിയില്‍

കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി ബസിനുള്ളില്‍ വച്ച് വനിത കണ്ടക്ടര്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവ് പിടിയില്‍. കാസര്‍ഗോഡ് ചിറ്റാരിക്കല്‍ സ്വദേശി ഷൈജു ജോസഫ് (28) നെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച വൈകിട്ട് മൂന്നു മണിയോടെ കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് വരുകയായിരുന്ന ബസിലെ വനിത കണ്ടക്ടറോടാണ് പ്രതി അതിക്രമം കാട്ടിയത്. സ്വകാര്യ ബസിലെ കണ്ടക്ടറായ ഷൈജു കണ്ണൂരില്‍ നിന്നാണ് കെ.എസ്.ആര്‍.ടി.സി ബസില്‍ കയറിയത്. സംഭവം നടന്നയുടന്‍ ബസിലുണ്ടായിരുന്ന യാത്രക്കാര്‍ ഷൈജുവിനെ തടഞ്ഞ് വയ്ക്കുകയായിരുന്നു.

തുടര്‍ന്ന് കണ്ടക്ടറും കെ.എസ്.ആര്‍.ടി.സി അധികാരികളും നടക്കാവ് പോലീസില്‍ അറിയിക്കുകായും മാവൂര്‍റോഡ് ബസ് ടെര്‍മിനലില്‍ വച്ച് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പീഡനശ്രമം, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News