വണ്ണപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച നവജാത ശിശു മരിച്ച സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍

തൊടുപുഴ: വണ്ണപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച നവജാത മരിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ കാമുകന്‍ അറസ്റ്റില്‍. പോത്താനിക്കാട് സ്വദേശിയായ യുവാവാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതിന് പോക്‌സോ വകുപ്പനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.

ഇതിനിടെ കുഞ്ഞിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. മരണത്തില്‍ അസ്വഭാവികതയില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ അസ്വഭാവിക മരണത്തിനാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. കുഞ്ഞ് ജനിച്ചപ്പോള്‍ തന്നെ ജീവനുണ്ടായിരുന്നില്ലെന്നാണ് വീട്ടുകാര്‍ പോലീസിനു നല്‍കിയ മൊഴി.

ശനിയാഴ്ച രാവിലെയാണ് പെണ്‍കുട്ടി വീട്ടില്‍ പ്രസവിച്ചത്. വീട്ടുകാര്‍ ആംബുലന്‍സില്‍ പെണ്‍കുട്ടിയേയും നവജാത ശിശുവിനെയും തൊടുപുഴ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തും മുമ്പ് തന്നെ കുട്ടി മരിച്ചിരുന്നു.

തുടര്‍ന്നാണ് മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. പോലീസും ഫോറന്‍സിക് വിദഗ്ദ്ധരും പെണ്‍കുട്ടിയുടെ വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു. പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയും കാമുകനും സ്‌കൂളില്‍ സഹപാഠികളായിരുന്നു. ഇപ്പോള്‍ എറണാകുളത്ത് പഠിക്കുകയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News