മട്ടന്നൂരില്‍ വീടിനുള്ളില്‍ സ്‌ഫോടനം; ഒരാള്‍ക്ക് പരിക്ക്, രണ്ടുപേര്‍ കസ്റ്റഡിയില്‍

കണ്ണൂര്‍: മട്ടന്നൂര്‍ നടുവനാട് നിടിയാഞ്ഞിരത്ത് വീടിനുള്ളില്‍ സ്‌ഫോടനം. ഒരാള്‍ക്ക് പരിക്കേറ്റു. വീട്ടുടമ രാജേഷിനാണ് പരിക്കേറ്റത്. ഇയാളെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച അര്‍ധരാത്രിയിലായിരുന്നു സ്‌ഫോടനമുണ്ടായത്. സ്‌ഫോടനം നടക്കുമ്പോള്‍ വീടിനു പുറത്തുണ്ടായിരുന്ന രണ്ടു പേരെ മട്ടന്നൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരിസരവാസികളാണ് പരിക്കേറ്റയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചതെന്ന് പോലീസ് അറിയിച്ചു.

സ്‌ഫോടനത്തില്‍ വീടിനുള്ളില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. മട്ടന്നൂര്‍ സിഐ പി.ആര്‍.മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വീടിന്റെ അടുക്കള ഭാഗത്തു നിന്നാണ് സ്‌ഫോടനമുണ്ടായത്.

പന്നി പടക്കം നിര്‍മിക്കുമ്പോഴാണ് സ്‌ഫോടനമുണ്ടായതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ച വിവരമെന്നും കൂടുതല്‍ പരിശോധന നടത്തിയാല്‍ മാത്രമേ പറയാനാകുമെന്ന് പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News