ഫേസ്ബുക്ക് വഴി പരിചയപ്പെട്ടു; വിവാഹം കഴിഞ്ഞ അന്നുതന്നെ രണ്ടരലക്ഷം രൂപയുമായി മുങ്ങിയ യുവാവ് പിടിയില്‍

മാള: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ വിവാഹം കഴിച്ച ശേഷം രണ്ടരലക്ഷം രൂപ തട്ടിയെടുത്തു മുങ്ങിയ യുവാവ് അറസ്റ്റില്‍. മാളയില്‍ നിന്നാണ് തിരുവല്ല കണ്ടത്തില്‍ ബിനു(കുഞ്ഞുമോന്‍-41)വിനെ പോലീസ് അറസ്റ്റ് ചെയ്തത്. വെണ്ണൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പോലീസ് പ്രതിയെ പിടികൂടിയത്.

രണ്ടുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. വിവാഹം നടന്ന ദിവസം തന്നെ ബിനു മുങ്ങുകയായിരുന്നു. ആദ്യഭാര്യയില്‍ നിന്ന് നിയമപരമായി വിവാഹമോചനം നേടിയതായി ഇയാള്‍ പെണ്‍കുട്ടിയെയും വീട്ടുകാരെയും വിശ്വസിപ്പിച്ചിരുന്നത്. ആദ്യ വിവാഹത്തിലുള്ള തന്റെ കുട്ടിക്ക് അസുഖമാണെന്നും ചികിത്സാച്ചെലവിനാണെന്നും പറഞ്ഞാണു യുവതിയില്‍ നിന്നും ഇയാള്‍ പണം കൈക്കലാക്കിയത്.

തുടര്‍ന്ന്, വഞ്ചിക്കപ്പെട്ടെന്ന് മനസിലാക്കിയ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഇയാളെ തന്ത്രപൂര്‍വം നാട്ടിലെത്തിച്ച് പോലീസിനെ അറിയിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മാള ഇന്‍സ്പെക്ടര്‍ വി. സജിന്‍ ശശിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News