KeralaNews

നക്ഷത്രചികിത്സാലയങ്ങളെ വെല്ലുന്ന സൗകര്യങ്ങൾ, കോട്ടയം മെഡിക്കല്‍ കോളേജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

തിരുവനന്തപുരം: കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കേളേജിലെ പ്രവര്‍ത്തനസജ്ജമായ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും സര്‍ജിക്കല്‍ ബ്ലോക്കിന്റേയും മെഡിക്കല്‍ ആന്റ് സര്‍ജിക്കല്‍ സ്‌റ്റോന്റേയും നിര്‍മ്മാണോദ്ഘാടനവും സെപ്റ്റംബര്‍ 22-ാം തീയതി രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കും. 42.69 കോടിയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും 137.45 കോടിയുടെ നിര്‍മ്മാണ ഉദ്ഘാടനവുമാണ് മുഖ്യമന്ത്രി നിര്‍വഹിക്കുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. സുരേഷ് കുറുപ്പ് എം.എല്‍എ., തോമസ് ചാഴിക്കാടന്‍ എം.പി. എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.

കോട്ടയം മെഡിക്കല്‍ കോളേജ് 50 വര്‍ഷം പൂര്‍ത്തിയായിരിക്കുന്ന സന്ദര്‍ഭത്തില്‍ നിരവധി വികസന പദ്ധതികളാണ് സാക്ഷാത്ക്കരിക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കോട്ടയം ജില്ലക്ക് പുറമെ ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളും ആലപ്പുഴ, എറണാകുളം, എന്നീ ജില്ലകളിലേയും ജനങ്ങള്‍ ഭാഗികമായും വിദഗ്ധ ചികിത്സയ്ക്ക് ആശ്രയിക്കുന്നത് കോട്ടയം മെഡിക്കല്‍ കോളേജിനേയാണ്. 1800 കിടക്കകളും 180 ഐ.സി.യു. കിടക്കകളും 28 ഓപ്പറേഷന്‍ തീയേറ്ററുകളും ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങളാണ് ഇവിടെയുള്ളത്. 36 വിഭാഗങ്ങളിലായി 250 ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരുടേയും സേവനവും ലഭ്യമാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മെഡിക്കല്‍ കോളേജുകളെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി വരുന്നു. കോട്ടയം മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുവാന്‍ നിര്‍ദ്ദേശിക്കുകയും അതിന്റെ ഭാഗമായി 564 കോടി രൂപ മുതല്‍ മുടക്കുള്ള സര്‍ജിക്കല്‍ ബ്ലോക്ക്, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് എന്നിവക്ക് ഭരണാനുമതി നല്‍കിയതായും മന്ത്രി വ്യക്തമാക്കി.

*നിര്‍മ്മാണോദ്ഘാടനങ്ങള്‍*

*സര്‍ജിക്കല്‍ ബ്ലോക്ക്: 134.45 കോടി*

മാസ്റ്റര്‍ പ്ലാനിന്റെ ആദ്യ ഘട്ടമായുള്ള സര്‍ജിക്കല്‍ ബ്ലോക്കിന്റെ നിര്‍മ്മാണോദ്ഘാടനമാണ് നടക്കുന്നത്. കിഫ്ബി വഴി 134.45 കോടി രൂപയുടെ സാമ്പത്തികാനുമതി നല്‍കി നിര്‍മ്മാണം തുടങ്ങുവാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 8 നിലകളിലായി 400 കിടക്കകളും, 14 ആധുനിക ഓപ്പറേഷന്‍ തീയറ്ററുകളും, 54 ഐ.സി.യു. കിടക്കകളും, സി.ടി സ്‌കാന്‍, എം.ആര്‍.ഐ, ആള്‍ട്രാ സൗണ്ട് സ്‌കാന്‍ മുതലായവയെല്ലാം അടങ്ങുന്ന റേഡിയോളജി സ്യൂട്ട് എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. സമയ ബന്ധിതമായി രണ്ട് വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

*മെഡിക്കല്‍ ആന്റ് സര്‍ജിക്കല്‍ സ്‌റ്റോര്‍: 3 കോടി*

3 കോടി രൂപ മുടക്കി രണ്ടു നിലകളിലായി 1399 ച.മീ വിസ്തീര്‍ണമുള്ള മെഡിക്കല്‍ ആന്റ് സര്‍ജിക്കല്‍ സ്‌റ്റോര്‍ കെട്ടിടമാണ് സജ്ജമാക്കുന്നത്. ആശുപത്രിയിലേക്കാവിശ്യമായ മരുന്നുകളും മറ്റു സാധനങ്ങളും സൂക്ഷിച്ച് വയ്ക്കുവാന്‍ വാക്ക് ഇന്‍ കൂളര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളോടു കൂടിയ കെട്ടിടമാണിത്.

*ഉദ്ഘാടനം ചെയ്യുന്ന പദ്ധതികള്‍*

*റസിഡന്റ് ക്വാര്‍ട്ടേഴ്‌സ്: 12.10 കോടി*

12.10 കോടി രൂപ ചെലവഴിച്ചാണ് പിജി വിദ്യാര്‍ത്ഥികള്‍ക്കായി ഫാമിലി അക്കോമഡേഷന്‍ ഉറപ്പാക്കുന്ന റസിഡന്റ് ക്വാര്‍ട്ടേഴ്‌സ് സജ്ജമാക്കിയിരിക്കുന്നത്. 100 അപ്പാര്‍ട്ട്‌മെന്റുകളോട് കൂടിയ പി.ജി റെസിഡന്റ് ക്വാട്ടേഴ്‌സ് ആണിത്.

*ലേഡീസ് ഹോസ്റ്റല്‍: 12.24 കോടി*

എം.ബി.ബി.എസ്. വിദ്യാര്‍ത്ഥിനികളുടെ മികച്ച താമസ സൗകര്യത്തിനായി 12.24 കോടി രൂപ ചെലവഴിച്ചാണ് ലേഡീസ് ഹോസ്റ്റല്‍ നിര്‍മ്മിച്ചിരിക്കുന്നത്. 450 കിടക്കകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഈ ലേഡീസ് ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്യപ്പെടുന്നതിലൂടെ എം.ബി.ബി.എസ് വിദ്യാര്‍ഥിനികളുടെ ചിരകാലാഭിലാഷമാണ് പൂര്‍ത്തീകരിക്കുന്നത്.

*നെഗറ്റീവ് പ്രഷര്‍ ഐ.സി.യു.: 1 കോടി*

ഒരു കോടി മുടക്കിയാണ് പുതിയ അത്യാഹിത വിഭാഗത്തിന്റെ മുകളില്‍ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ നെഗറ്റീവ് പ്രഷര്‍ ഐ.സി.യു. സജ്ജമാക്കിയിരിക്കുന്നത്. വെന്റിലേറ്റര്‍, മോണിറ്റര്‍, സെന്‍ട്രല്‍ ഓക്‌സിജന്‍, സക്ഷന്‍ മുതലായവ സജ്ജീകരിച്ചിട്ടുണ്ട്. 12 കിടക്കകളുള്ള ഈ ആധുനിക സംവിധാനം ഒരു രോഗിയില്‍ നിന്നും മറ്റുള്ള രോഗികളിലേക്ക് അണുബാധ ഉണ്ടാകാതിരിക്കാന്‍ സഹായിക്കുന്നു. ഇത്തരം സംവിധാനം, കോവിഡ്, നിപ, ടി.ബി തുടങ്ങിയ സാക്രംമിക രോഗങ്ങള്‍ ബാധിച്ച് അത്യാസന്ന നിലയിലുള്ള രോഗികളുടെ പരിചരണത്തിന് അത്യന്താപേക്ഷിതമാണ്.

*പുതിയ വാര്‍ഡുകളും ഐസിയും: 16.6 കോടി*

16.6 കോടി രൂപ മുടക്കി രണ്ടാമത്തെ ഘട്ടത്തിലെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് കൊണ്ടിരിക്കുന്ന പുതിയ അത്യാഹിത വിഭാഗം ബ്ലോക്കിലെ മുകളിലത്തെ നിലയിലാണ് പുതിയ വാര്‍ഡുകളും ഐ.സി.യും. ഒരുക്കിയിരിക്കുന്നത്. 100 കിടക്കകളോട് കൂടിയ 6 വാര്‍ഡുകളും 13 ഐസോലേഷന്‍ ബെഡുകളുമാണ് തയ്യാറാക്കിയത്. സെന്‍ട്രല്‍ ഓക്‌സിജന്‍, സക്ഷന്‍ മോണിറ്ററുകള്‍ മുതലായ സംവിധാനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

*ടോയിലറ്റ് കോപ്ലക്‌സ്: 75 ലക്ഷം*

75 ലക്ഷം രൂപ ചെലവഴിച്ചാണ് രണ്ടാമത്തെ ആധുനിക ശൗചാലയ സമുച്ചയം നിര്‍മ്മിച്ചിരിക്കുന്നത്. മെഡിക്കല്‍ കോളേജില്‍ ചികിത്സക്കെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഇതേറെ പ്രയോജനം ചെയ്യുന്നതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker