നെയ്യാറ്റിന്‍കര: ആത്മഹത്യാ കുറിപ്പ് എഴുതിവെച്ച് പെരുമ്പഴുതൂരില്‍ ബിഡിഎസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ വഴിത്തിരിവ്. പെണ്‍കുട്ടിയുടെ മരണത്തില്‍ ആത്മഹത്യാപ്രേരണ കുറ്റത്തിന് യുവാവിനെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റു ചെയ്തു. ഉദിയന്‍കുളങ്ങര, ദീപക് ഭവനില്‍ വാടകയ്ക്ക് താമസിക്കുന്ന ശരത് ചക്രവര്‍ത്തി(30)യാണ് അറസ്റ്റിലായത്.
ശരത് ചക്രവര്‍ത്തി വിവാഹ വാഗ്ദാനം നടത്തി 23-കാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചിരുന്നെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇയാള്‍ പീഡനദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇടുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും ഫോണില്‍ വിളിച്ച് ശല്യം ചെയ്തതിനെത്തുടര്‍ന്ന് യുവതി വീട്ടിലെ മുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. 2016 മേയ് 29-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
നെയ്യാറ്റിന്‍കര പോലീസ് അന്വേഷിച്ച കേസ് 2017-ല്‍ ക്രൈംബ്രാഞ്ചിനു കൈമാറി. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് സമഗ്രാന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ കര്‍മസമിതി രൂപവത്കരിച്ച് സമരവും നടത്തിയിരുന്നു. ബിഡിഎസ് കഴിഞ്ഞ് ഹൗസ്സര്‍ജന്‍സി ചെയ്യുകയായിരുന്നു 23-കാരി. ജീവനൊടുക്കുന്നതിനു മുന്‍പായി എഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
അതേസമയം, മകള്‍ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിയുടെ വീട്ടുകാരും ചില പോലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥിനിയുടെ അച്ഛന്‍ ആരോപിച്ചു. മകള്‍ എഴുതിയ മൂന്ന് ആത്മഹത്യാക്കുറിപ്പുകള്‍ ആദ്യ അന്വേഷണ സംഘത്തിലുണ്ടായിരുന്നവര്‍ നശിപ്പിച്ചതായും അദ്ദേഹം ആരോപിച്ചു.
ഇതിനിടെ, ശരത് ചക്രവര്‍ത്തി ഈ സംഭവത്തിനുശേഷവും നിരവധി പെണ്‍കുട്ടികളെ മൊബൈല്‍ചാറ്റിലൂടെ പരിചയപ്പെട്ട് പീഡനത്തിന് ഇരയാക്കിയതായി അന്വേഷണസംഘം കണ്ടെത്തി. ക്രൈംബ്രാഞ്ച് എസ്പി എ ഷാനവാസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.