മരിക്കാന്‍ മനസ്സില്ലാത്ത നിങ്ങളാണ് എന്റെ ഇന്‍സ്പിരേഷന്‍; മംമ്തയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
മലയാളികളുടെ പ്രിയനടിയാണ് മംമ്ത മോഹന്‍ദാസ്. കാന്‍സറിനെ അതിജീവിച്ച് വീണ്ടും സിനിമയില്‍ സജീവമായ താരം ഒരുപാട് പേര്‍ക്ക് പ്രചോദനവുമാണ്. മംമ്ത ഒടുവില്‍ നടത്തിയ ഫോട്ടോഷൂട്ടിന്റെ ഏതാനും ചില ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ചിത്രങ്ങളേക്കാളുപരി താരം ഫോട്ടോകള്‍ക്ക് നല്‍കിയ ക്യാപ്ഷനുകളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ജെയിംസ് ബോണ്ടിന്റെ 007 എന്ന സ്റ്റിക്കര്‍ പ്രിന്റ് ചെയ്ത ആസ്റ്റണ്‍ മാര്‍ട്ടിന്‍ കാറിനൊപ്പമാണ് മംമ്ത ഫോട്ടോകളെടുത്തിരിക്കുന്നത്. പോസ്റ്റ് ചെയ്ത മൂന്ന് ചിത്രങ്ങള്‍ക്കും വ്യത്യസ്തമായ ക്യാപ്ഷനുകളാണ് താരം നല്‍കിയിട്ടുള്ളത്. ‘ഉയിര്‍ത്തഴുന്നേല്‍ക്കാനുള്ള സമയമാണിത്’, ‘ഇത് പറക്കാനുള്ള സമയമാണ്’, ‘മരിക്കാനുള്ള സമയമല്ല’ എന്നിങ്ങനെയാണ് താരം ഫോട്ടോകള്‍ക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.
https://www.instagram.com/p/CUekcUahTMU/?utm_source=ig_web_copy_link
ഒരുപാട് ആരാധകരാണ് താരത്തിന്റെ പോസ്റ്റിന് പിന്നാലെ കമന്റുകളുമായി എത്തിയിരിക്കുന്നത്. ‘താങ്കളാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഇന്‍സ്പിരേഷന്‍,’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ”കാന്‍സറിനെ തോല്‍പ്പിച്ച അതേ മനോധൈര്യത്തോടെ മുന്നോട്ട് പോകൂ,’ എന്നിങ്ങനെ പലരും കമന്റ് ചെയ്യുന്നു.
പൃഥ്വിരാജ് നായകനാവുന്ന ഭ്രമമാണ് മംമ്തയുടെ പുതിയ ചിത്രം. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്ലറിന് മികച്ച പ്രതികരണമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ചിത്രം ഒക്ടോബര്‍ 7ന് ആമസോണ്‍ പ്രൈം വീഡിയോസിലൂടെ റിലീസ് ചെയ്യും. റാഷി ഖന്ന, ഉണ്ണി മുകുന്ദന്‍, ശങ്കര്‍, ജഗദീഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.