KeralaNews

ഡോ. വന്ദനയുടെ വീട്ടിലെത്തി പിതാവിനെ ആശ്വസിപ്പിച്ച് മമ്മൂട്ടി

കോട്ടയം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ വീട് സന്ദർശിച്ച് നടൻ മമ്മൂട്ടി. വീട്ടിലെത്തിയ മമ്മൂട്ടി വന്ദനയുടെ അച്ഛൻ മോഹൻദാസിനെ ആശ്വസിപ്പിച്ചു. രാത്രി 8.25 ന് എത്തിയ നടൻ 10 മിനിറ്റ് വന്ദനയുടെ വീട്ടിൽ ചെലവഴിച്ചു. ചിന്താ ജെറോം, രമേഷ് പിഷാരടി എന്നിവരും മമ്മൂട്ടിക്കൊപ്പം എത്തിയിരുന്നു.

ഡോക്ടർ വന്ദനയെ അവസാനമായി ഒരു നോക്ക് കാണാനും അന്ത്യാജ്ഞലി അർപ്പിക്കാനും ആയിരങ്ങളാണ് കോട്ടയം മുട്ടുചിറയിലെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. കണ്ണ് നിറഞ്ഞ്, വിങ്ങിപ്പൊട്ടി ഒരു നാട് മുഴുവൻ‌ ഡോക്ടർ വന്ദനക്ക് യാത്രാമൊഴി നൽകി. ഏകമകൾക്ക് അന്ത്യ ചുംബനം നൽകുന്ന മാതാപിതാക്കളുടെ നെഞ്ചുപൊട്ടിയുള്ള കരച്ചിൽ കണ്ടുനിന്നവരുടെ കണ്ണുകളെയും ഈറനാക്കി.

ഇന്നലെ രാവിലെയാണ് പൊലീസ് ആശുപത്രിയിൽ എത്തിച്ച സന്ദീപ് ഡോക്ടർ വന്ദനയെ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് വന്ദനയുടെ മൃതദേഹം വീട്ടിലെത്തിച്ചത്. ഉച്ചക്ക് രണ്ട് മണിയോടെ ആയിരുന്നു സംസ്കാര ചടങ്ങുകൾ ആരംഭിച്ചത്. 

കൊല്ലത്ത് ഡോ വന്ദന ദാസ് പഠിച്ച അസീസിയ മെഡിക്കൽ കോളേജിൽ പൊതുദർശനത്തിന് വെച്ച ശേഷമാണ് വീട്ടിലേക്ക് മൃതദേഹം വീട്ടിലെക്ക് കൊണ്ടുവന്നത്.  വന്ദനക്ക് ആരോ​ഗ്യമന്ത്രിയും പ്രതിപക്ഷ നേതാവും ആദരാജ്ഞലി അർപ്പിച്ചു. മന്ത്രിമാരും സ്പീക്കറുമുൾപ്പെടെയുള്ളവർ അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു. വന്ദനയുടെ മുത്തശ്ശനെയും മുത്തശ്ശിയെയും സംസ്കരിച്ചതിനോട് ചേർന്നാണ് വന്ദനക്കും ചിതയൊരുക്കിയത്. വന്ദനയുടെ അമ്മയുടെ സഹോദരന്റെ മകൻ നിവേദ് ആണ് ചിതക്ക് തീകൊളുത്തിയത്. 

കൊല്ലം അസീസിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച് സെന്ററിലെ എംബിബിഎസ് പഠനത്തിനുശേഷം ഹൗസ് സർജനായി സേവനമനുഷ്ഠിക്കുകയായിരുന്നു വന്ദന. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ചാണ് വന്ദന അക്രമിയുടെ കൊലക്കത്തിക്കിരായായത്.  പ്രതി ജി സന്ദീപിനെ കൊട്ടരാക്കര മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.  ഡോക്ടര്‍ വന്ദനയുടെ കൊലപാതകത്തെ തുടര്‍ന്ന് വന്‍പ്രതിഷേധമാണ് ഉയരുന്നത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button