26.7 C
Kottayam
Monday, May 6, 2024

ഉണ്ണി മുകുന്ദന്‍ തകര്‍ത്തു,മമ്മൂട്ടിയുടെ പെണ്‍വേഷത്തിന് മികച്ച പ്രതികരണം,മാമാങ്കം സിനിമ പുറത്തിറങ്ങും മുമ്പ് വന്ന റിവ്യൂ ഇങ്ങനെ,സൈബര്‍ ക്വൊട്ടേഷനെതിരെ പരാതി നല്‍കി നിര്‍മ്മാതാക്കള്‍

Must read

കൊച്ചി: റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രം മാമാങ്കത്തിനെതിരെ സിനിമ റിലീസ് ആവും മുമ്പ് നടക്കുന്ന സൈബര്‍ വ്യാജപ്രചാരണങ്ങള്‍ക്കെതിരെ അണിയറ പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കി.തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗരുഡിന് നിര്‍മാതാക്കളായ കാവ്യ ഫിലിം കമ്പനിയാണ് പരാതി നല്‍കിയിരിക്കുന്നത്. നിര്‍മ്മാതാക്കളുടെ പരാതി നടപടിയ്ക്കായി തിരുവനന്തപുരം റൂറല്‍ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിക്ക് കൈമാറി.

‘മാമാങ്ക’ത്തിനെതിരെ സംഘടിത ആക്രമണമാണ് സോഷ്യല്‍ മീഡിയകളിലുള്‍പ്പെടെ നടന്നു വരുന്നതെന്നും ഇതിനു പിന്നില്‍ ചില ശക്തികള്‍ ബോധപൂര്‍വ്വമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ പരാതി ഗൗരവമായികണ്ട് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. സാധാരണ സൈബര്‍ കേസ് എന്നതിലുപരി സൈബര്‍ ക്വെട്ടേഷനു പിന്നിലെ ക്രിമിനല്‍ ഗൂഢാലോചനയെക്കുറിച്ചും അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.

റിലീസ് ചെയ്യാത്ത സിനിമ പരാജയമാണെന്നതരത്തില്‍വരെ വ്യാപകമായ പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. ഇതിന്റെയെല്ലാം തെളിവുകള്‍ സഹിതമാണ് കാവ്യ ഫിലിംസ് പരാതി നല്‍കിയിരിക്കുന്നത്.എഫ്.എഫ്.സി എന്ന ഗ്രൂപ്പില്‍ വന്ന അവലോകനത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകളടക്കമാണ് പരാതി.ഒരേ കേന്ദ്രത്തില്‍ നിന്നുമാണ് സോഷ്യല്‍ മീഡിയയില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും ചില ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് ഏജന്‍സികള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിയ്ക്കുന്നതായും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് സംശയമുണ്ട്.

55 കോടി രൂപ ചിലവിലാണ് മാമാങ്കം നിര്‍മ്മിച്ചിരിയ്ക്കുന്നത്.ചരിത്രചിത്രങ്ങളില്‍ മമ്മൂട്ടി പുലര്‍ത്തിയ മികവ് പ്രേഷകരില്‍ ചിത്രത്തേക്കുറിച്ച് വലിയ പ്രതീക്ഷകളും ഉണര്‍ത്തിയിട്ടുണ്ട്.

ചിത്രത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിര്‍മ്മാതാക്കളുടെ വിശദീകരണം ഇങ്ങനെ

2017 ലാണ് മാമാങ്കം സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഷൂട്ടിങ്ങ് 2018, 2019 വര്‍ഷങ്ങളിലായി ഏഴ് ഷെഡൂളുകളിലായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. തിരുവനന്തപുരം വിതുര സ്വദേശിയായ സജീവ് പിള്ള (ശ്രീനിലയം, കൊപ്പം, വിതുര ) എന്നയാളായിരുന്നു ആദ്യ ഘട്ടത്തില്‍ സംവിധായകനായി പ്രവര്‍ത്തിച്ചിരുന്നത്.

സിനിമാ സംവിധാനത്തില്‍ മുന്‍ പരിചയമില്ലാതിരുന്നിട്ടും അദ്ദേഹത്തെ വിശ്വസിച്ചാണ് നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളിയും മറ്റൊരു എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ വിവേക് രാമദേവനും ആ ചുമതല അദ്ദേഹത്തെ ഏല്‍പ്പിച്ചിരുന്നത്. സജീവ്പിള്ളയുടെ പരിചയക്കുറവ് പരിഗണിച്ച് സംവിധാനത്തില്‍ അപാകതയുണ്ടായാല്‍ സംവിധായകനെ മാറ്റി പകരം മറ്റൊരാളെ കൊണ്ടുവരാന്‍ കമ്പനിക്ക് അധികാരം നല്‍കുന്ന കരാറില്‍ ഇരുകൂട്ടരും സമ്മതിച്ച് ഒപ്പ് വച്ചിരുന്നതുമാണ്.

ആദ്യത്തെ പത്ത് ദിവസത്തെ ഷൂട്ട് ചെയ്ത വിഷ്യല്‍സ് കണ്ടപ്പോള്‍ തന്നെ സംവിധാനമികവ് സജീവിന് ഇല്ലന്ന് മനസ്സിലായിരുന്നു. സിനിമാ രംഗത്തെ പ്രമുഖ ടെക്നീഷ്യന്‍മാര്‍ തന്നെയാണ് ഇക്കാര്യം സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്. അതിന് സജീവ് പറഞ്ഞ കാരണം അസോസിയേറ്റ്സിന്റെ കുഴപ്പം കൊണ്ടാണെന്നായിരുന്നു. ഇതിന് ശേഷം നിര്‍മ്മാതാവ് മുഴുവന്‍ അസോസിയേറ്റ് സിനെയും മാറ്റി പുതിയ ടീമിനെ നല്‍കുകയുമുണ്ടായി. തുടര്‍ന്ന് അവരെ വച്ച് വീണ്ടും 26 ദിവസം ഷൂട്ട് ചെയ്യുകയുണ്ടായി. അപ്പോഴും പഴയിതിനേക്കാള്‍ മോശമായിരുന്നു മേക്കിങ്ങ്. ഇതുമൂലം മാത്രം 13 കോടി രൂപയാണ് കാവ്യ ഫിലിം കമ്പനിക്ക് നഷ്ടമുണ്ടായത്.

ഇതിന് ശേഷം എക്സ്പീരിയന്‍സുള്ള മറ്റൊരു സംവിധായകന്റെ മേല്‍നോട്ടത്തില്‍ ചിത്രീകരണം നടത്താന്‍ കമ്പനി നിര്‍ദ്ദേശിച്ചു. എന്നാല്‍ ആ നിര്‍ദേശം പാലിക്കാനും സജീവ് തയ്യാറായില്ല. തുടര്‍ന്ന് അദ്ദേഹം ഫെഫ്ക, എന്ന സിനിമാ സാങ്കേതിക വിദഗ്ദരുടെ സംഘടനക്ക് പരാതി കൊടുക്കുകയായിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ കണ്ട ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് കാര്യങ്ങള്‍ ബോധ്യമാവുകയും മറ്റൊരു സംവിധായകന്റെ മേല്‍നോട്ടത്തില്‍ ഷൂട്ടിങ് പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയുമുണ്ടായി. ഈ നിര്‍ദ്ദേശം അംഗീകരിച്ച് മിനുട്സില്‍ ഒപ്പിടുകയും ചെയ്ത സജീവ് പക്ഷെ ഷൂട്ടിങ് തീരുമാനിച്ച തിയ്യതിക്ക് വരാതെ എറണാകുളം ജില്ലാ കോടതിയെ സമീപിക്കുകയാണുണ്ടായത്. തുടര്‍ന്ന് സംവിധായകനായ എം.പദ്മകുമാറിനെ വച്ചാണ് സിനിമ പൂര്‍ത്തീകരിച്ചിരുന്നത്.

സജീവിന്റെ പരാതിയില്‍ ഇതുവരെയുള്ള എല്ലാ കോടതി വിധികളും കാവ്യ ഫിലിം കമ്പനിക്ക് അനുകൂലമായിട്ടുള്ളതാണ്.

ഇതുവരെ തിരക്കഥയുടെ വിലയുള്‍പ്പെടെ 21.75 ലക്ഷം രൂപ സജീവ് രേഖാമൂലം മാത്രം കൈപ്പറ്റിയിട്ടുണ്ടെന്നാണ് നിര്‍മ്മാതാവ് വേണു കുന്നപ്പള്ളിയും എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് രാമദേവനും വ്യക്തമാക്കുന്നത്. രേഖകള്‍ പരിശോധിച്ച കോടതിക്ക് ഇത് ബോധ്യപ്പെട്ടിട്ടുള്ളതാണെന്നും ഇരുവരും ചൂണ്ടിക്കാട്ടുന്നു. സജീവുമായുള്ള കരാറില്‍ കഥയുടെയും തിരക്കഥയുടെയും പൂര്‍ണ്ണ അവകാശം കോപ്പി റൈറ്റ് ഉള്‍പ്പെടെ പ്രാഡ്യൂസര്‍ക്ക് കൈമാറിയിട്ടുള്ളതാണ്. ഇതെല്ലാം മറച്ച് വച്ചാണിപ്പോള്‍ സജീവും സംഘവും സിനിമക്കെതിരെ വ്യാപക പ്രചരണം നടത്തുന്നതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week