കീവ്: യുക്രൈനിലെ വിവിധ നഗരങ്ങളിലായി പഠിക്കുന്ന മലയാളി വിദ്യാർത്ഥികൾ പലരും കടുത്ത ദുരിതത്തിലും ആശങ്കയിലുമാണ്. പുറത്ത് പലരും സ്ഫോടനശബ്ദങ്ങൾ കേൾക്കുന്നുണ്ട്. വ്യോമാക്രമണങ്ങൾ നടക്കാനുള്ള എയർ സൈറൺ കേൾക്കുന്നതും പലരും ഓടി ബങ്കറുകളിലേക്കും ഭൂഗർഭ മെട്രോ സ്റ്റേഷനുകളിലേക്കും ഓടിക്കയറുകയാണ്.
മുകളിൽ തുടർച്ചയായി ഷെല്ലിംഗ് കേൾക്കുന്നതിനിടെയാണ് കുട്ടികൾ ഞങ്ങളോട് സംസാരിക്കുന്നത്. എംബസിയിൽ നിന്ന് ഒരു തരത്തിലും വിവരങ്ങൾ ലഭിക്കുന്നില്ല. തലേന്ന് എടിഎമ്മുകളിൽ നിന്ന് പണം കിട്ടുകയോ ഭക്ഷണവും വെള്ളവും കിട്ടുകയോ ചെയ്യുന്നില്ല എന്നതായിരുന്നു ആശങ്കയെങ്കിൽ ഇന്ന് എങ്ങനെയെങ്കിലും ജീവൻ രക്ഷിച്ചാൽ മതിയെന്നാണ് കുട്ടികൾ പറയുന്നത്.
കിഴക്കൻ യുക്രൈനിൽ താമസിക്കുന്ന പലർക്കും ഒരു തരത്തിലും എങ്ങോട്ടേക്കും യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. റോഡിലേക്ക് ഇറങ്ങാൻ പോലും കഴിയില്ല. എത്രയും വേഗം കീവ് പിടിച്ചെടുക്കുക എന്നതാണ് റഷ്യൻ സൈന്യത്തിന്‍റെ ആവശ്യം. അതിനാൽത്തന്നെ തുടർച്ചയായ ഷെല്ലിംഗുകളും ബോംബിംഗുമാണ് നടക്കുന്നത്. എംബസി ഉദ്യോഗസ്ഥർ തുടർച്ചയായി പല കുട്ടികളോടും ആവശ്യപ്പെടുന്നത് പടിഞ്ഞാറൻ യുക്രൈനിലേക്ക് എത്താനാണ്. എന്നാൽ ഭൂഗർഭ ബങ്കറുകളിൽ നിന്ന് പുറത്തിറങ്ങാൻ പോലും പറ്റാത്ത സ്ഥിതിയിൽ തുടരുന്ന തങ്ങൾ എങ്ങനെ അങ്ങോട്ടെത്തും എന്നാണ് കുട്ടികൾ ചോദിക്കുന്നത്. റോഡ് മാർഗം യാത്ര ചെയ്യുക എന്നത് അത്യന്തം അപകടകരമാണ്. തുടർച്ചയായി കേൾക്കുന്നത് സ്ഫോടനശബ്ദങ്ങൾ മാത്രമാണ്.
സർവകലാശാലകളിൽ പല കുട്ടികൾക്കുമുള്ള മെന്‍റർമാർ മാത്രമാണ് ആകെ ആശ്വാസം. അവർ മാത്രമാണ് വിവരങ്ങൾ കൃത്യമായി അറിയിച്ച് നൽകുന്നത്. മിനിഞ്ഞാന്ന് വരെ ക്ലാസുണ്ടായിരുന്ന കുട്ടികളാണ് ഇന്നലെ അപ്രതീക്ഷിതമായി യുദ്ധം തുടങ്ങിയതോടെ ആകെ ദുരിതത്തിലായിട്ടുള്ളത്. ഓഫ് ലൈൻ ക്ലാസുകൾ നടക്കുന്നതിനാൽത്തന്നെയാണ് കുട്ടികൾ മടങ്ങാൻ മടിച്ചത്. അറ്റൻഡൻസ് ഉൾപ്പടെ നഷ്ടമാകുമെന്ന ഭയവും പലർക്കുമുണ്ടായിരുന്നു. വളരെ സാധാരണ കുടുംബങ്ങളിൽ നിന്ന് വരുന്ന കുട്ടികളാണ് പലരും. ലോൺ എടുത്ത് പഠിക്കുന്നവരാണ് മിക്ക കുട്ടികളും. അതിനാൽത്തന്നെ പല തവണ വിമാനട്ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാൻ അവർക്ക് കഴിയില്ല എന്നും പലരും വ്യക്തമാക്കുന്നുണ്ട്.
യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാൻ ഇന്ത്യ നാളെ മുതൽ അയൽരാജ്യങ്ങളിലേക്ക് വിമാനങ്ങൾ അയക്കുമെന്ന് സൂചന. ആദ്യഘട്ടമായി റൊമാനിയയിലേക്കും ഹംഗറിയിലേക്കും വിമാനങ്ങൾ അയയ്ക്കാനാണ് സാധ്യത. ഇന്ന് മാത്രം ആയിരം വിദ്യാർത്ഥികളെ യുക്രൈനിൽ നിന്ന് ഒഴിപ്പിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഒഴിപ്പിക്കലിന് മേൽനോട്ടം വഹിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർ ചില അതിർത്തി പോസ്റ്റുകളിൽ എത്തി.
അതിർത്തികളിൽ എത്താനാണ് വിദ്യാർത്ഥികൾക്ക് അധികൃതർ നൽകുന്ന നിർദേശം. ഹംഗറി റൊമാനിയ അതിർത്തിയിൽ എത്താനാണ് നിലവിൽ നിർദേശം നൽകിയിരിക്കുന്നത്. അതിർത്തിക്കടുത്ത് താമസിക്കുന്നവർ ആദ്യം എത്തണം. സഹായം ആവശ്യമുള്ളവർ ഹെൽപ് ലൈൻ നമ്പറുകളിൽ വിളിക്കണം (ഹെൽപ് ലൈൻ നമ്പറുകൾ ഈ വാർത്തയുടെ ചുവടെ) അതിർത്തിയിലേക്ക് ചിട്ടയോടെ നീങ്ങണം. സ്റ്റുഡന്‍റ് കോൺട്രാക്റ്റർമാരെ ആവശ്യങ്ങൾക്ക് സമീപിക്കണം. പാസ്പോർട്ട് കയ്യിൽ കരുതണം. പണം യുഎസ് ഡോളറായി കരുതുന്നതാണ് നല്ലത്. കൊവിഡ് ഡബിൾ വാക്സിനേഷൻ സർട്ടിഫിക്കറ്റുണ്ടെങ്കിൽ അത് കയ്യിൽ കരുതണം. യാത്ര ചെയ്യുന്ന വാഹനത്തിൽ സ്വന്തം വസ്ത്രത്തിൽ എല്ലാം വളരെ വ്യക്തമായി, വലുപ്പത്തിൽ ഇന്ത്യൻ പതാക പിൻ ചെയ്യുകയോ ഒട്ടിക്കുകയോ ചെയ്യുക. സുരക്ഷ ഉറപ്പ് വരുത്താനാണിതെന്നും എംബസി അറിയിക്കുന്നു.
യുക്രൈനിൽ ഇപ്പോൾ കഴിയുന്ന വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുകയാണ് ആദ്യ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ചേർന്ന യോഗത്തിൽ പറഞ്ഞിരുന്നു. വിദ്യാർത്ഥികൾ പലയിടത്തും ബങ്കറുകളിൽ കഴിയുകയാണ്. വെള്ളവും ഭക്ഷണവും ഉറപ്പാക്കണം എന്ന കത്ത് എംബസി ഇന്നലെ യുക്രൈൻ പ്രസിഡന്‍റിന് നല്കിയിരുന്നു. എന്നാൽ യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ നിലവിൽ സ്ഥിതി കൈവിട്ട് പോകുമെന്ന നിലയാണ്.
വ്യോമമേഖല അടച്ച സാഹചര്യത്തിൽ പടിഞ്ഞാറൻ അതിർത്തിയിലെ രാജ്യങ്ങൾ വഴി ഇവരെ തിരികെ കൊണ്ടുവരാനാണ് ഇപ്പോൾ നീക്കം നടക്കുന്നത്. ഇതിനുള്ള രജിസ്ട്രേഷൻ ഇന്ത്യ തുടങ്ങിക്കഴിഞ്ഞു. പോളണ്ട്, സ്ലൊവാക്യ, ഹംഗറി, റൊമാനിയ എന്നീ അതിർത്തികൾ റോഡ് മാർഗം കടന്ന് എത്തുന്നവരെ അവിടെ നിന്ന് വ്യോമമാർഗം മടക്കിക്കൊണ്ടുവരും. അതിർത്തിയിൽ ഇതിനുള്ള സൗകര്യം ഒരുക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ട്.
നാലു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാരുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ സംസാരിച്ചു. എയർ ഇന്ത്യയുടെ വിമാനങ്ങൾ തയ്യാറാക്കി നിറുത്തിയിട്ടുണ്ട്. നാളെ റൊമാനിയയിലെ ബുക്കാറസ്റ്റിലേക്കും ഹംഗറിയിലെ ബുഡാപെസ്ററിലേക്കും വിമാനം അയക്കാനാണ് സാധ്യത. വ്യോമസേനാ വിമാനങ്ങൾ ആവശ്യമെങ്കിൽ ഉപയോഗിക്കും. ഫ്ളൈ ദുബായ് ഉൾപ്പടെ മറ്റു രാജ്യങ്ങളുടെ സർവ്വീസുകളും മടക്കത്തിനായി ഉപയോഗിക്കാനാവുമോ എന്നും പരിശോധിക്കുന്നുണ്ട്, പടിഞ്ഞാറൻ അതിർത്തിയിൽ നിന്ന് അകലെയുള്ളവരുടെ യാത്രയ്ക്കായി എംബസിയുടെ അറിയിപ്പിന് കാത്തിരിക്കാനാണ് നിലവിൽ നിർദേശം നൽകിയിട്ടുള്ളത്.
നിലവിൽ രാജ്യസുരക്ഷ മുൻനിർത്തി മാത്രമേ യുക്രൈൻ വിഷയത്തിൽ ഒരു നിലപാടെടുക്കൂ എന്നും അത് വരെ നിഷ്പക്ഷ നിലപാട് തുടരുമെന്നും ഇന്ത്യ വ്യക്തമാക്കുന്നുണ്ട്. റഷ്യയുമായി പ്രതിരോധരംഗത്ത് ഇന്ത്യയ്ക്ക് വലിയ സഹകരണമുണ്ട്. നിലവിൽ യുക്രൈനിൽ നിരവധി ഇന്ത്യൻ വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നുമുണ്ട്. അവരെ സുരക്ഷിതരായി തിരികെ എത്തിക്കുക എന്നതിനാണ് ആദ്യപരിഗണന എന്നും വിദേശകാര്യമന്ത്രാലയം പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾക്ക് മറുപടിയായി പറഞ്ഞു.