കീവ്: യുദ്ധം ആരംഭിച്ച സാഹചര്യത്തില്‍ യുക്രെയ്‌നിലെ മലയാളി വിദ്യാര്‍ഥികളുടെ കാര്യത്തില്‍ ആശങ്ക. യുക്രെയനിലെ വിവിധ സര്‍വകലാശാലകളിലായി 20,000ത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. ഇതില്‍ ഭൂരിഭാഗവും മലയാളികളാണ്.
ചൊവ്വാഴ്ച 241 വിദ്യാര്‍ഥികളുമായി എയര്‍ഇന്ത്യയുടെ ആദ്യവിമാനം ഡല്‍ഹിയിലെത്തിയിരുന്നു. രണ്ടാമത്തെ വിമാനം കീവില്‍ നിന്നും ഇന്നെത്തും. 26-ാം തീയതിയാണ് മൂന്നാമത്തെ വിമാനമെത്തുക. നിലവിലെ സാഹചര്യത്തില്‍ രാജ്യം വിടണമെന്ന് ഇന്ത്യന്‍ ഏംബസി വിദ്യാര്‍ഥികളോട് നിര്‍ദേശിച്ചിരുന്നുവെങ്കിലും ആവശ്യത്തിന് വിമാനസര്‍വീസുകള്‍ ഇല്ലാത്തത് ഇവരെ ആശങ്കയിലാക്കിയിരിക്കുകയാണ്.
യുക്രൈയ്നില്‍ റഷ്യ യുദ്ധം ആരംഭിച്ചു കഴിഞ്ഞു. രാജ്യതലസ്ഥാനമായ കീവില്‍ ആറിടത്ത് സ്ഫോടനം നടന്നതായാണ് റിപ്പോര്‍ട്ട്. ആയുധം താഴെ വച്ച് കീഴടങ്ങാന്‍ യുക്രൈയ്ന്‍ സൈന്യത്തോട് പുടിന്‍ ആവശ്യപ്പെട്ടു. യുക്രൈയ്ന്‍ നഗരമായ ക്രമറ്റോസ്‌കില്‍ ശക്തമായ വ്യോമാക്രമണം നടക്കുന്നുണ്ട്. ഡോണ്‍ബാസിലേക്ക് റഷ്യന്‍ സൈന്യം കടക്കുകയാണ്.
അതേസമയം, യുദ്ധം തടയാന്‍ ശ്രമിക്കുന്നവര്‍ക്ക് ശക്തമായ മറുപടി നല്‍കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വല്‍ഡിമിര്‍ പുടിന്‍ മുന്നറിയിപ്പ് നല്‍കി. എന്തിനും തയാറാണെന്നും തടയാന്‍ ശ്രമിക്കുന്നവര്‍ക്ക് സൈന്യം മറുപടി നല്‍കുമെന്നും പുടിന്‍ മുന്നറിയിപ്പ് നല്‍കി. യുക്രൈയ്ന്‍ അതിര്‍ത്തിയില്‍ ഏകദേശം രണ്ട് ലക്ഷം സൈനികരെയും യുദ്ധവാഹനങ്ങളെയും റഷ്യ വിന്യസിച്ചിട്ടുണ്ടെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി അറിയിച്ചിരുന്നു.
രാത്രി വൈകി നടത്തിയ ടെലിവിഷന്‍ പ്രസംഗത്തില്‍ റഷ്യന്‍ പൗരന്മാരെ അഭിസംബോധന ചെയ്യാന്‍ സെലന്‍സ്‌കി റഷ്യന്‍ ഭാഷയിലാണ് സംസാരിച്ചത്. ‘ഞങ്ങള്‍ പറയുന്നത് കേള്‍ക്കൂ. യുക്രൈയ്ന്‍ ജനത സമാധാനം ആഗ്രഹിക്കുന്നു. യുക്രെയ്നിയന്‍ അധികാരികള്‍ സമാധാനം ആഗ്രഹിക്കുന്നു’-സെലന്‍സ്‌കി പറഞ്ഞു.