മകന്‍ മരിച്ചത് അറിഞ്ഞില്ല; അമ്മയും സഹോദരങ്ങളും മൃതദേഹത്തിനൊപ്പം കഴിഞ്ഞത് മൂന്ന് ദിവസം!

കുറുപ്പന്തറ: മകന്‍ മരിച്ചതറിയാതെ മൃതദേഹത്തിനൊപ്പം അമ്മയും സഹോദരങ്ങളും. വീട്ടിലെത്തിയ പഞ്ചായത്തംഗമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം ഉണ്ടെന്ന് പോലീസ് പറയുന്നു. കുറുപ്പന്തറ മാഞ്ഞൂര്‍ നടുപ്പറമ്പില്‍ പരേതനായ പുരുഷന്റെ മകന്‍ അജി (50)ആണ് മരിച്ചത്.

അജിയുടെ മാതാവ് ചെല്ലമ്മ (80), ചെല്ലമ്മയുടെ മറ്റു മക്കളായ മിനി (52), രാജു (40) എന്നിവരാണ് വീട്ടില്‍ ഉണ്ടായിരുന്നത്. മൂന്ന് പേരും മാനസികാസ്വാസ്ഥ്യമുള്ളവരാണെന്ന് മാഞ്ഞൂര്‍ പഞ്ചായത്തംഗം സാലിമോള്‍ ജോസഫ് പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെ സാലിമോള്‍ ഇവരുടെ വീട്ടില്‍ എത്തിയപ്പോള്‍ ദുര്‍ഗന്ധം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മുറിക്കുള്ളില്‍ കയറി നോക്കിയത്. ചെല്ലമ്മയുടെ വീടിന്റെ അറ്റകുറ്റപ്പണിക്ക് പഞ്ചായത്ത് ഓഫിസില്‍ നിന്ന് സഹായം അനുവദിച്ചിരുന്നു. ഇതിന്റെ രേഖകളുമായി എത്തിയതാണ് പഞ്ചായത്തംഗം.

മുറിക്കുള്ളില്‍ കയറി നോക്കിയപ്പോള്‍ കട്ടിലില്‍ കിടക്കുന്ന നിലയില്‍ അജിയുടെ മൃതദേഹം കണ്ടു. ഈ സമയം ചെല്ലമ്മയും ഇളയമകന്‍ രാജുവും അജിയുടെ മൃതദേഹം കിടന്നിരുന്ന മുറിയില്‍ കട്ടിലിന്റെ താഴെ കിടക്കുകയായിരുന്നു. അജിക്ക് സുഖമില്ലെന്നും ഇപ്പോള്‍ വെള്ളം മാത്രമേ കുടിക്കുന്നുള്ളൂ എന്നും ചെല്ലമ്മ പറഞ്ഞതായി പഞ്ചായത്തംഗം പറഞ്ഞു.

പോലീസ് എത്തി മൃതദേഹം വൈക്കം ഗവ. ആശുപത്രിയിലേക്കു മാറ്റി. തനിച്ചു കിടക്കാന്‍ പേടിയുള്ള അജിയോടൊപ്പമാണ് ചെല്ലമ്മ രാത്രി കിടന്നിരുന്നത്. മരിച്ചതറിയാതെ ഞായറാഴ്ച മുതല്‍ മകന്റെ മൃതദേഹത്തിനൊപ്പമാണ് ചെല്ലമ്മ കിടന്നുറങ്ങിയിരുന്നത്.

അജിക്ക് അക്രമവാസന ഉണ്ടായിരുന്നതിനാല്‍ വീട്ടിലേക്ക് ആരും പോകാറില്ലായിരുന്നെന്ന് അയല്‍വാസികള്‍ പറയുന്നു. പഞ്ചായത്തിന്റെ ആശ്രയ പദ്ധതിയിലാണ് ഇവര്‍ക്ക് വീടു നിര്‍മിച്ചിരുന്നത്. മൃതദേഹ പരിശോധനയില്‍ അജിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News