സഞ്ജു സാംസണെ തഴഞ്ഞ ഇന്ത്യന്‍ ടീമിന്റെ ഫേസ്ബുക്ക് പേജില്‍ പൊങ്കാലയിട്ട് മലയാളികള്‍
തിരുവനന്തപുരം: വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും സഞ്ജു സാംസണെ തഴഞ്ഞതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഫേസ്ബുക്ക് പേജില്‍ പൊങ്കാലയുമായി മലയാളികള്‍. ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചുകൊണ്ട് ബിസിസിഐ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഫേസ്ബുക്ക് പേജിലിട്ട പോസ്റ്റിന് താഴെ ഒരു മണിക്കൂര്‍ കൊണ്ട് നിരവധി കമന്റുകളാണ് എത്തിയത്.
സഞ്ജുവിനെ ഒഴിവാക്കുകയും മോശം ഫോമിലുള്ള ഋഷഭ് പന്തിനെ ടീമില്‍ നിലനിര്‍ത്തുകയും ചെയ്ത സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനമാണ് ആരാധകരെ ചൊടിപ്പിച്ചത്. സഞ്ജുവിനെ തഴഞ്ഞതില്‍ പ്രതിഷേധിച്ച് മലയാളികള്‍ കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ-വിന്‍ഡീസ് രണ്ടാം ടി20 മത്സരം ബഹിഷ്‌കരിക്കാനും ആഹ്വാനമുണ്ട്. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ ടീമിലെത്തിയ സഞ്ജുവിന് ഒരു മത്സരത്തില്‍ പോലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല.